ആലുവ: ബൈക്ക് യാത്രികനെ പിന്തുടർന്നെത്തിയ എട്ടംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി മൃഗീയമായി മർദ്ദിച്ചു. വലതുകാൽ കമ്പിവടിക്ക് തല്ലിയൊടിച്ചു. കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രജിത്തിനാണ് (36) അജ്ഞാത സംഘത്തിന്റെ ക്രൂരമർദ്ദനമേറ്റത്.
ഇന്നലെ രാവിലെ പത്ത് മണിയോടെ ആലുവ - പറവൂർ റോഡിൽ യു.സി കോളേജിന് സമീപമായിരുന്നു സംഭവം. കെട്ടിട നിർമ്മാണ കരാറുകാരനായ രജിത്ത് ജോലി സംബന്ധമായ ആവശ്യത്തിന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു. തൂവാല വച്ച് മുഖം മറച്ച് ബൈക്കിൽ പിന്നാലെയെത്തിയ സംഘം ആദ്യം പേര് ചോദിക്കുകയും പിന്നാലെ രജിത്തിന്റെ ബൈക്ക് അപകടത്തിൽപ്പെടുത്താനും ശ്രമിച്ചു. ബൈക്ക് നിർത്തിയതോടെ അക്രമി സംഘത്തിലൊരാൾ ആദ്യം രജിത്തിന്റെ മുഖത്ത് ഇടിച്ചു. ഇതോടെ റോഡിലേക്ക് വീണ രജിത്തിനെ മറ്റ് ബൈക്കുകളിലായി എത്തിയവർ തുണിയിൽ പൊതിഞ്ഞ ഇരുമ്പ് വടി വച്ച് ആഞ്ഞടിച്ചു.
തിരക്ക് കുറഞ്ഞ മേഖലയിലായതിനാൽ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല. വഴിയാത്രക്കാർ എത്തിയതോടെ അക്രമികൾ തിരികെ ആലുവ ഭാഗത്തേക്ക് പോയി. ബോധരഹിതനായ രജിത്തിനെ അതുവഴി വന്ന കാറിൽ നാട്ടുകാർ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അപരിചിതരാണ് ആക്രണം നടത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്ന രജിത്ത് ആലങ്ങാട് പൊലീസിനോടെ പറഞ്ഞു.
ആരുമായും മുൻവൈരാഗ്യമില്ല. അടുത്തിടെ ചാലക്കലിൽ നടന്ന മതം മാറ്റ വിഷയത്തിൽ രജിത്തിന്റെ പിതാവ് കെ.വി. രാജൻ ഇടപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതാവായ രാജൻ യുവതിക്കും കുടുംബത്തിനും സഹായവുമായി രംഗത്തുണ്ടായിരുന്നു. രജിത്തും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.
മതം മാറിയ യുവാവ് മടങ്ങിയെത്തി ഇപ്പോൾ യുവതിക്കും കുടുംബത്തിനുമൊപ്പമാണ് താമസം. ആക്രമണത്തിന് പിന്നിൽ മതം മാറ്റ വിഷയവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും രജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.