കോലഞ്ചേരി: സമരം, ലാത്തിച്ചാർജ്, വാക്ക് പോര്. ലോക്ക്ഡൗണിന് ഇളവ് വന്നതോടെ രാഷ്ട്രീയ പാർട്ടികൾ പതിവ് രീതിയിലേക്ക് തിരിഞ്ഞു. എന്നാൽ ഒരു കാര്യത്തിൽ ഇവർ ഒറ്റക്കെട്ടാണ്.
കൃഷിക്കാര്യമാണത് ! സി.പി.എം,സി.പി.ഐ. കോൺഗ്രസ്,ബി.ജെ.പി, മുസ്ലീംലീഗ് അടക്കം ചെറുതും വലുതുമായ പാർട്ടികളെല്ലാം കൃഷിത്തിരക്കിലാണ്. ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ടാണ് കാർഷിക രംഗത്തും രാഷ്ട്രീയ പാർട്ടികൾ സജീവമായിരിക്കുന്നത്.
പച്ചക്കറിക്കൊപ്പം നെൽകൃഷിക്കും സി.പി.എം പ്രധാന്യം നൽകുന്നു. ഐക്കരനാട്ടിലും, പൂതൃക്കയിലും, കുന്നത്തുനാട്ടിലും ഇതിനോടകം കര നെല്കൃഷിയും, കപ്പയും, വാഴയും, പച്ചക്കറികളും കൃഷിയിറക്കി കഴിഞ്ഞു. പാർട്ടി നിയന്ത്റണത്തിലുള്ള സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ എന്നിടങ്ങളിലും വിളയിറക്കാനാണ് തീരുമാനം. കർഷകസംഘം, ഡി.വൈ.എഫ്.ഐയുടെ നടാം നാളേയ്ക്കായി എന്ന പദ്ധതിയുമുണ്ട്, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വങ്ങളും പദ്ധതി തയാറാക്കിയിട്ടുണ്ട്.
സി.പി.ഐയാണ് കൃഷിയിറക്കലിന് ആദ്യം തുടക്കമിട്ടത്. പഞ്ചായത്തിലെ ഓരോ കേന്ദ്രങ്ങളിലാണ് കൃഷി. കഴിഞ്ഞമാസം പഴം പച്ചക്കറി, ധാന്യ വിത്തുകൾ വിതരണം ചെയ്തിരുന്നു. പ്രവർത്തകർക്ക് സി.പി.ഐ നേരിട്ടാണ് സഹായം എത്തിക്കുന്നത്. എ.ഐ.വൈ.എഫ് ഔഷധ സസ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിദിനത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്താണ് ബി.ജെ.പിയുടെ കൃഷിക്ക് തുടക്കം കുറിച്ചത്. സുഭല കേരളം പദ്ധതിയുടെ ഭാഗമായി കർഷക മോർച്ചയുടെ നേതൃത്വത്തിൽ മഴുവന്നൂർ, വാഴക്കുളം പഞ്ചായത്തുകളിൽ തരിശുഭൂമികൾ കണ്ടെത്തി നെൽകൃഷി ചെയ്യും.
കർഷക കോൺഗ്രസ് മുഖേനയാണ് കോൺഗ്രസ് രംഗത്തുള്ളത്. സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തിയും അതിനു മറ്റുള്ളവരെ സഹായിച്ചുമാണ് സംവിധാനം.കോഴി, പശു വളർത്തൽ എന്നിവയും പദ്ധതിയിലുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിരിക്കേ താഴെത്തട്ടിൽ പ്രവർത്തനം സജീവമാക്കാനുള്ള അവസരമാണിത്.
സുഭല കേരളം പദ്ധതിയുടെ ഭാഗമായി തരിശു കിടക്കുന്ന കൃഷിയിടങ്ങൾ കണ്ടെത്തി പാർട്ടിയുടെയും, കർഷക മോർച്ചയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിൽ കൃഷി വ്യാപകമാക്കും
കെ.ആർ കൃഷ്ണകുമാർ,
നിയോജക മണ്ഡലം പ്രസിഡന്റ്
ബി.ജെ.പി,കുന്നത്തുനാട്
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപിപ്പിച്ച് സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. വരും നാളുകളിൽ തരിശു കിടക്കുന്ന ഭൂമികളുണ്ടാകില്ല
ബി.ജയൻ ,
കെ.എസ്.കെ.ടി.യു
കോലഞ്ചേരി ഏരിയ
പ്രസിഡന്റ് യൂത്ത് കോൺഗ്രസിന്റെ 'കരുതൽ 2020 ' ഹരിത ഭവനം പദ്ധതിയിൽ പെടുത്തി പച്ചക്കറി കൃഷി വ്യാപകമാക്കുകയാണ്. നിലവിൽ ഒരു വീട്ടിലേയ്ക്ക് അഞ്ച് തരം പച്ചക്കറികളുടെ വിത്ത് നല്കി
പ്രദീപ് നെല്ലിക്കുന്നത്ത്,
മണ്ഡലം പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്,തിരുവാണിയൂർ