കോലഞ്ചേരി: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് പ്രദേശത്തെ കാർന്ന് തിന്ന് ആഫ്രിക്കൻ ഒച്ച്. തെങ്ങ്, വാഴ, റബർ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി എന്നീ വിളകൾ പ്രധാനമായും നശിപ്പിക്കുന്നത്. മതിൽ,ചുമർ എന്നിവയിൽ പറ്റിപ്പിടിച്ചു സിമന്റ്,പ്ലാസ്റ്റർ ഒഫ് പാരിസ് തുടങ്ങിയവയും ഭക്ഷിക്കും. മഴക്കാലത്ത് പ്രജനന കാലമായതിനാൽ ഒരു ഒച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും.ഇതോടെ കൃഷിയിടത്തിൽ പെട്ടെന്ന് പെരുകാൻ കാരണമാകും. 5 വർഷം വരെ ജീവിക്കുന്ന ഒച്ച് ആൻജിയോസ്‌ട്രോങ്കൈലസ് എന്ന പരാദ വിരയുടെ വാഹകർ ആയതിനാൽ ഇവയെ കൈകാര്യം ചെയ്യുമ്പോൾ കൈയുറ ധരിക്കണം.കൃഷി ഭവനിൽ അടക്കം നിരവധി പരാതികൾ നല്കിയെങ്കിലും ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
#ആഫ്രിക്കൻ ഒച്ച്
മണ്ണിനടിയിൽ മൂന്നു വർഷം വരെ പതുങ്ങിയിരിക്കാൻ കഴിയും. അഞ്ച് മുതൽ പത്ത് വർഷം വരെ ആയുസുമുണ്ട്. മൂന്നു വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ ഒളിച്ചിരിക്കാനും കഴിയും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരങ്ങൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കോഴി വളം വഴിയുമാണ് ഒച്ച് നാട്ടിലേയ്ക്കയത്തിയത്.
പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മഴ വീണ് ഭൂമി തണുക്കുന്നതോടെയാണ് ഇവ ഇത്രയധികംരംഗത്തിറങ്ങിയത്.
#ഒച്ചിനെ നശിപ്പിക്കാൻ പല വഴി
ഉപ്പ് വിതറി ഒച്ചിനെ നശിപ്പിക്കുന്ന രീതിയാണ് പലരും ചെയ്തു വരുന്നത്.എന്നാൽ നിരന്തരം ഉപ്പ് വിതറുന്നത് മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും.60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. കാബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം.ഇത് നനച്ച ചാക്കിൽ ഒച്ചിറങ്ങുന്ന വിവിധ ഭാഗങ്ങളിലായി വച്ച് ഒച്ചിനെ ആകർഷിക്കാം.ഇവ തിന്നാൻ വരുമ്പോൾ ഉപ്പോ, മിശ്രിതമോ തൂവിയും പ്രതിരോധിക്കാം.കൂട്ടത്തോടെ ആകർഷിക്കാൻ കൃഷിയിടത്തിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത് 500 ഗ്രാം ആട്ടപ്പൊടി,200 ഗ്രാം ശർക്കര,യീസ്റ്റ് എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി ഒരു ദിവസം പുളിയ്ക്കുന്നതിന് വച്ച ശേഷം കുഴിയിൽ നിക്ഷേപിച്ചാൽ ഒച്ചുകൾ കൂട്ടത്തോടെ കുഴിയിലേക്ക് എത്തും. തുരിശ് ലായനി,പുകയിലച്ചാറ് എന്നിവ തളിച്ച് നശിപ്പിക്കാം.
.