covid-19

മോസ്‌കോ:ലോകത്താകെ കൊവിഡിന്റെ പിടിയിലമർന്ന് 80 ലക്ഷത്തോളം ആളുകൾ, നാല് ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. അമേരിക്കയില്‍ 1.18 ലക്ഷത്തിലേറെ പേരാണ് മരിച്ചത്. ബ്രസീലില്‍ നാൽപത്തിനാലായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6948 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ കൊവിഡിനെ അതിജീവിക്കുകയാണെന്ന് റഷ്യ പറയുമ്പോള്‍, കുറഞ്ഞ മരണനിരക്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് റഷ്യ.528964 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6948 പേര്‍ മരിച്ചു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 21.62 ലക്ഷത്തിലേറെ രോഗബാധിതരുള്ളപ്പോള്‍ 117858 പേരാണ് മരിച്ചത്. രണ്ടാമതുള്ള ബ്രസീലില്‍ 867882 രോഗബാധിതരാണുള്ളത്. 43389 പേര്‍ മരിച്ചു. റഷ്യയിലേക്കാള്‍ കുറവ് രോഗികളുള്ള നിരവധി രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 2.96 ലക്ഷം രോഗികളുള്ള ബ്രിട്ടനില്‍ 41000ത്തിലേറെ പേരാണ് മരിച്ചത്. 2.36 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലെ മരണസംഖ്യ 34345 ആണ്. 2.91 ലക്ഷം രോഗബാധിതരുള്ള സ്‌പെയിനില്‍ 27136 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് പടരുമ്പോള്‍ റഷ്യയില്‍ അത്ര രൂക്ഷമായിരുന്നില്ല. കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചതാണ് വൈറസിനെ അകറ്റിയതെന്നായിരുന്നു റഷ്യയുടെ വാദം. എന്നാല്‍ യൂറോപ്പ് മുഴുവന്‍ രോഗബാധ രൂക്ഷമായതോടെ റഷ്യയിലും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങി. പിന്നീട് റഷ്യയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. മോസ്‌കോയിലാണ് രോഗികളില്‍ പകുതിയിലേറെയും.

ആഴ്ചകള്‍കൊണ്ട് റഷ്യ ഇറ്റലിയെയും സ്‌പെയിനിനെയും യുകെയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ബ്രസീലില്‍ റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്ന രാജ്യങ്ങള്‍ അമേരിക്കയും ബ്രസീലും റഷ്യയും മാത്രമാണ്. റഷ്യക്ക് പിന്നിലുള്ള ഇന്ത്യയില്‍ 333008 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. ശക്തമായ പ്രതിരോധത്തിലൂടെ മരണസംഖ്യ പരമാവധി കുറയ്ക്കാനുള്ള സ്ഥിരതയാര്‍ന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.