കൊച്ചി: പേരണ്ടൂർവടുതല പാലത്തിന്റെ സർവേ ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ കൊച്ചി നഗരത്തിലെ വിവിധ പാലങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. വടുതല റെയിൽവേ മേ ല്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ പുതുക്കിയ അലൈൻമെന്റ് ലഭിച്ചശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കും. അറ്റ്‌ലാന്റിസ് റെയിൽവേ മേല്പാലത്തിന്റെ മുടങ്ങിക്കിടന്നിരുന്ന ജോലികൾ അടിയന്തരമായി പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു. നിർമ്മാണം പൂർത്തിയാക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കും. കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, മേയർ സൗമിനി ജെയിൻ, ആർ.ബി.ഡി.സി.കെ എം.ഡി ആർ. രാഹുൽ, ഡെപ്യൂട്ടി കളക്ടർ എം. വി സുരേഷ്‌കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.