advocate-general

കൊച്ചി : ലോക്ക് ഡൗൺ നിയന്ത്രണം കാരണം ചരിത്രത്തിലാദ്യമായി അഭിഭാഷകരുടെ എൻറോൾമെന്റ് ഒാൺലൈൻ വഴി നടത്തും. ജൂൺ 27ന് കേരള ബാർ കൗൺസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ 850പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രയൽ റണ്ണിൽ 658 പേർ പങ്കെടുത്തു. ഇന്നും ട്രയൽ റണ്ണുണ്ട്.

എൺറോൾമെന്റ് ഏപ്രിലിൽ നടത്തേണ്ടതായിരുന്നു. ലോക്ക് ഡൗൺ കാരണം നീണ്ടുപോയതോടെ ഒാൺലൈൻ വഴി നടത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി എത്തി. ഇക്കാര്യം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.

ഒരേസമയം 1000 പേർക്ക് പങ്കെടുക്കാനാവുന്ന സിസ്കോ വെബ് എക്സ് എന്ന ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തുക.

 വീട്ടിൽ പ്രതിജ്ഞ

ബാർ കൗൺസിൽ ചെയർമാനടക്കമുള്ള അതിഥികൾ എറണാകുളത്തെ ബാർ കൗൺസിൽ ഒാഫീസിൽ ഉണ്ടാകും.ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ നിയമബിരുദധാരികൾക്ക് വീട്ടിലിരുന്ന് ഏറ്റുചൊല്ലാം. അഭിഭാഷകരുടെ ഒൗദ്യോഗിക വേഷത്തിലായിരിക്കണം നവാഗതർ പ്രതിജ്ഞ ചൊല്ലേണ്ടത്. ലോക്ക് ഡൗൺ നിയന്ത്രണം നീക്കിയശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഭാവിയിൽ ഈ രീതി തുടരാനാവുമെന്നും ബാർ കൗൺസിൽ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.