കൊച്ചി: വടുതല പുഴയിലെ ബണ്ടും അനുബന്ധ മണൽത്തിട്ടയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവല്പ്മെന്റ് വാച്ച് കേന്ദ്രസമിതി യോഗം ജില്ല കളക്ടറോട് ആവശ്യപ്പെട്ടു. വല്ലാർപാടം റെയിൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴയിൽ നിർമ്മിച്ച ബണ്ടിൽ കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും തടഞ്ഞ് ഒന്നര ഏക്കറോളം കായൽ നികന്ന് കരയായി രൂപപ്പെട്ടിരിക്കുകയാണ്. ബണ്ടും മണൽതിട്ടയും നീക്കം ചെയ്തില്ലെങ്കിൽ വടുതല,ചേരാനല്ലൂർ, കടമക്കുടി, പറവൂർ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന കാര്യം മറച്ചുവയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഒഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ ചെളിയോ മണലോ അടിഞ്ഞുകൂടിയിട്ടില്ലെന്നാണ് പറവൂർ ,കണയന്നൂർ താലൂക്ക് തഹസീൽദാർമാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പറവൂർ, കടമക്കുടി, ചേരാനല്ലൂർ, വടുതല ഭാഗങ്ങളിലാണ്.കായലുമായി ഏറെ സാമീപ്യമുള്ള ഈ ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്ന് മനസിലാക്കാതെയാണ് വെള്ളക്കെട്ട് നിവാരണത്തിനായുള്ള ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ഫെലിക്സ്.ജെ.പുല്ലൂടൻ കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, പി.എ.ഷാനവാസ്, സന്തോഷ് ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.