mla
അനൂപിനെ പീസ് വാലി പ്രവർത്തകർ ഏറ്റെടുത്തപ്പോൾ

മൂവാറ്റുപുഴ: ശരീരത്തിന്റെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെട്ട് ചലനം അസാധ്യമാക്കുന്ന സ്പാസ്റ്റിക് സെറിബ്രൽ പാൾസി എന്ന അപൂർവ രോഗ ബാധിതനായ 36 കാരൻ അനൂപ് ദുരിത ജീവിതത്തിൽ നിന്നും ഇനി പീസ് വാലി തണലിലേക്ക്.മൂവാറ്റുപുഴക്കടുത്ത് പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടാംചേരിൽ വീട്ടിൽ സതിയുടെ മൂത്ത മകനാണ് അനൂപ്. സതിയുടെ ഭർത്താവ് മോഹനൻ 28 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു.ഇളയ മകൻ ഭാര്യയോടൊപ്പം മൂവാറ്റുപുഴയിലാണ് താമസം. കൂലിപണിക്കും തൊഴിലുറപ്പ് ജോലികൾക്കും പോയി കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് സതിയും അനൂപും കഴിഞ്ഞിരുന്നത്. ഇതിനിടെ ആർത്രൈറ്റിസ് ബാധിചതിനെ തുടർന്ന് സതിക്കു നടക്കാൻ കഴിയാതെയായി. തറയിൽ പായ വിരിച്ചു അനൂപിനെ അതിൽ കിടത്തി വീടിനകത്തൂടെ വലിച്ചാണ് അനൂപിന്റെ പ്രാഥമിക കാര്യങ്ങൾ അമ്മ ചെയ്തു കൊടുത്തിരുന്നത്. റേഷൻ കിട്ടുന്നതിനാൽ പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നു. മുറ്റത്തേക്ക് ഇറങ്ങണമെങ്കിൽ പോലും പരസഹായം ആവശ്യമായ ഈ അമ്മയുടെയും മകന്റെയും ദുരവസ്ഥ കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതറിഞ്ഞു സ്ഥലത്തെത്തിയ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് കോതമംഗലം പീസ് വാലി അധികൃതർ അനൂപിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.

പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് അനൂപിനെ പ്രവേശിപ്പിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ അമ്മയെയും ഒപ്പം നിർത്തുന്നുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ പേഴയ്ക്കാ പിള്ളി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എ .കബീർ ,മുൻ വാർഡ് അംഗം കെ പി രാമചന്ദ്രൻ, വി.എം.നൗഷാദ് പീസ് വാലി ഭാരവാഹികളായ സി എസ് ഷാജുദ്ധീൻ, അഡ്വ. മുഹമ്മദ് അസ്‌ലം എന്നിവർ അനൂപിന്റെ വീട്ടിലെത്തി അമ്മയെയും മകനെയും ഏറ്റെടുത്തു. പൂർണമായും സൗജന്യമായാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ.