കൊച്ചി: കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നാൽ പ്രഥമപരിഗണന കൊവിഡിനെ അകറ്റിനിറുത്താൻ. പതിവു പോലെ സ്കൂളുകളുടെ മുഖം മിനുക്കൽ പുരോഗമിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാർഷിക അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. വിദ്യാലയങ്ങൾ സ്വീകരിക്കേണ്ട നടപടികൾ കഴിഞ്ഞ മേയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും തദ്ദേശ സ്ഥാപനങ്ങൾ തുക നൽകി. പി.ടി.എകളും അതത് മാനേജ്‌മെന്റുകളും ഫണ്ടുകൾ നൽകി. സ്കൂളുകൾ തുറക്കും മുമ്പേ തന്നെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണം. ആറാം പ്രവൃത്തി ദിവസത്തിന് ശേഷമുള്ള ദിവസങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്‌കൂളുകളിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. സർക്കാർ നിർദേശങ്ങൾക്കും ലോക്ക് ഡൗൺ ഇളവുകൾക്കും അനുസൃതമായാണ് വിദ്യാലയങ്ങൾ തയാറെടുപ്പുകൾ നടത്തുന്നത്.

പരീക്ഷക്കു മുമ്പേ ആദ്യ ഘട്ടം പൂർത്തിയായി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ പ്രാരംഭഘട്ട അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ജില്ലയിലെ 56 സ്‌കൂളുകൾക്കായി ജില്ലാ ഭരണകൂടം ഫണ്ട് അനുവദിച്ചിരുന്നു. ഹൈസ്‌കൂൾ തലം മുതലുള്ളവയ്ക്ക് 3000 രൂപയും പ്ലസ് ടു വിദ്യാലങ്ങൾക്ക് 5000 രൂപയുമാണ് അനുവദിച്ചത്. 50000 രൂപ വരെ സ്‌കൂളുകളുടെ ആവശ്യപ്രകാരം നൽകുന്നുണ്ട്. പി.ടി.എ, മാനേജ്‌മെന്റുകൾ നൽകുന്ന തുകയും വിനിയോഗിക്കുന്നുണ്ട്.

കൊവിഡ് മാനദണ്ഡപ്രകാരം

മുന്നൊരുക്കങ്ങൾ:
കൊവിഡ് മാനദണ്ഡ പ്രകാരമുള്ള മുന്നൊരുക്കങ്ങൾക്ക് മേയിൽ നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരം സ്കൂളുകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാധാരണ ജൂൺ 15 ഓടെയാണ് സ്‌കൂളുകളിൽ പരിശോധന നടത്തുക. ഇക്കുറി ക്ലാസുകൾ നടക്കാത്തതിനാൽ സ്‌കൂളുകൾക്ക് സമയം ലഭിച്ചിട്ടുണ്ട്. അതത് ഉപജില്ലാ ഡയറക്ടർമാർക്കാണ് ചുമതല.

ഹണി അലക്‌സാണ്ടർ
ഡപ്യൂട്ടി ഡയറക്ടർ
എറണാകുളം

നിർദ്ദേശങ്ങൾ

സ്കൂളുകൾ അണുനശീകരണം നടത്തണം
സോപ്പ് സാനിറ്റൈസർ ഉണ്ടയിരിക്കണം
വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലറ്റുകൾ
ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ കരുതൽ നടപടി
മാളങ്ങൾ, പാഴ് വസ്തുക്കളുടെ കൂട്ടങ്ങൾ എന്നിവ ഒഴിവാക്കണം

.കിണർ, വാട്ടർ ടാങ്കുകൾ വൃത്തിയാക്കണം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾക്ക് നൽകാവൂ.
അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം.
വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ ഇല്ലാതാക്കണം