jobs

കൊച്ചി: ഡൽഹിയിലെ നിസാമുദ്ദീനിൽ നടത്തിയ തബ്‌ലീഗ് സമ്മേളനത്തിൽ നിന്നാണ് ഇന്ത്യയിൽ കൊവിഡ് പടർന്നതെന്ന തെറ്റായ പരാമർശം പി.എസ്.സി ബുള്ളറ്റിന്റെ ഇ - വേർഷനിൽ നിന്നു നീക്കിയെന്നും തെറ്റായ വിവരം പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും പി.എസ്.സി ഹൈക്കോടതിയിൽ അറിയിച്ചു.

വ്യാജ വാർത്ത പി.എസ്.സിയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചതിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീൽ നസീർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പി.എസ്.സിയുടെ വിശദീകരണം.

പി.എസ്.സി ബുള്ളറ്റിനിലെ ആനുകാലികം എന്ന പംക്തിയുടെ ഏപ്രിൽ ലക്കത്തിലാണ് തെറ്റു കടന്നു കൂടിയത്. തെറ്റു പറ്റിയതിനെത്തുടർന്ന് ഖേദം പ്രകടിപ്പിച്ചെന്നും പി.എസ്.സി വ്യക്തമാക്കി. പി.എസ്.സിയുടെ വിശദീകരണം കുറ്റം ഏറ്റുപറയുന്നതിന് തുല്യമാണെന്നും കേസെടുക്കാൻ നിർദ്ദേശിക്കണെമന്നും ഹർജിക്കാരൻ വാദിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.