തൃക്കാക്കര : സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകർക്ക് കൈത്താങ്ങുമായി കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജ്. നേരിട്ട് സമ്പർക്കമില്ലാതെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണം അവസാനവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഡിവിൻസ് മാത്യു വികസിപ്പിച്ചു.
പനിബാധിതരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് തെർമോമീറ്ററിൽ ചില മാറ്റങ്ങൾ വരുത്തിയാണ് 'ഓട്ടോടെംപ്' എന്ന ഉപകരണം നിർമ്മിച്ചത്. 'ഓട്ടോടെംപ്' എവിടെ വേണമെങ്കിലും സ്ഥാപിക്കാം. സമീപത്തുകൂടി പോകുന്ന വ്യക്തികളുടെ ശരീരോഷ്മാവ് സെൻസറുകൾ മുഖേന അളന്ന് കൂടുതലുള്ളവരുടെ ചിത്രം തത്സമയം വൈഫൈ സംവിധാനത്തിലൂടെ കമ്പ്യൂട്ടർ സെർവറിൽ രേഖപ്പെടുത്തും. ഇത് ഓൺലൈനായി ആരോഗ്യ പ്രവർത്തകർക്ക് പരിശോധിക്കാം. കോളേജ് കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. സ്മിനു ഐസുദ്ധീൻ ഓട്ടോടെംപിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു. ഉപകരണം നിർമ്മിക്കാനായി 4000 രൂപ മാത്രമാണ് ചിലവായത്.