പറവൂർ : പറവൂർ നഗരസഭ ചെയർമാനായി കോൺഗ്രസിലെ പ്രദീപ് തോപ്പിലിനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ ധാരണ പ്രകാരം ഡി. രാജ്കുമാർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പുണ്ടായത്.
പ്രദീപിന് 15 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.എം നഗരസഭ പാർലമെൻററി പാർട്ടി നേതാവ് കെ.എ. വിദ്യാനന്ദന് 13 വോട്ടും ലഭിച്ചു. ഏക ബി.ജി.പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
പ്രദീപിന്റെ പേര് മുൻ ചെയർമാൻ ഡി.രാജ് കുമാർ നിർദ്ദേശിച്ചു. മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പിന്താങ്ങി. വിദ്യാനന്ദന്റെ പേര് സി.പി.എമ്മിലെ ടി.വി. നിഥിൻ നിർദ്ദേശിച്ചു. സി.പി.ഐ.യിലെ എസ്. ശ്രീകുമാരി പിന്താങ്ങി.
മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാറിന്റെ വോട്ട് തർക്കത്തിനിടയാക്കി. ബാലറ്റ് പേപ്പറിൽ ഗുണന ചിഹ്നത്തോടൊപ്പം മറ്റൊരു വരകൂടി ഉണ്ടായത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വോട്ട് അസാധു ആക്കണമെന്നാവശ്യപ്പെട്ടു. ഏറെ നേരത്തെ ഭരണ പ്രതിപക്ഷ തർക്കത്തിനൊടുവിൽ ഇലക്ഷൻ കമ്മീഷന്റെ ഉപദേശം തേടിയ റിട്ടേണിംഗ് ഓഫീസർ വോട്ടു സാധുവായി പ്രഖ്യാപിച്ചു.
പ്രതിപക്ഷം ഇതംഗീകരിക്കാതെ ബഹളം തുടർന്നു. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ പ്രദീപ് തോപ്പിൽ 15 വോട്ടുകൾ നേടി വിജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ. തർക്കവോട്ട് സാധുവായി അംഗീകരിച്ചതിനെതിരെ എതിർ സ്ഥാനാർത്ഥി കെ.എ. വിദ്യാനന്ദൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. ജില്ലാ സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണയായിരുന്നു റിട്ടേണിംഗ് ഓഫീസർ.
കോൺഗ്രസിലെ ധാരണ പ്രകാരം ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധിക്കുള്ളിൽ ചെയർമാനാകുന്ന മൂന്നാമത്തെ കൗൺസിലറാണ് പ്രദീപ് തോപ്പിൽ. തുടക്കം മുതൽ നാലു വർഷക്കാലം രമേഷ് ഡി. കുറുപ്പും കഴിഞ്ഞ ആറു മാസം ഡി.രാജ് കുമാറും ചെയർമാനായി.