കൊച്ചി: തമ്മനം പുല്ലേപ്പടി റോഡിലെ വഴിയോരക്കച്ചവടക്കാരെ കോർപ്പറേഷൻ അധികൃതരും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. നേരത്തെ തന്നെ ഇവർക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, ഇവിടെ നിന്നും മാറാതായതോടെയാണ് കോർപ്പറേഷനും പൊലീസും ഇടപെട്ട് ബലം പ്രയോഗിച്ച് മാറ്റിയത്. സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങുന്നിടത്ത് കതൃക്കടവിലേക്കുള്ള റോഡിലാണ് വഴിയോരക്കച്ചവടക്കാർ തമ്പടിച്ചിരുന്നത്. ആലുവ, ഇടപ്പള്ളി, തമ്മനം ഭാഗത്തു നിന്നും വരുന്നവർ എം.ജി റോഡിലേക്കെത്താൻ ഉപയോഗിക്കുന്ന ഈ വഴിയിൽ ഗതാഗതക്കരുക്ക് രൂക്ഷമായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
പലതവണ കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാന നിർമ്മാണ പ്രവർത്തനങ്ങളെയും ഇവർ തടസപ്പെടുത്തി. പണിതീർക്കാനായി കരാറുകാർ ഇവിടെയെത്തിയെങ്കിലും, പണിതുടങ്ങാൻ അനുവദിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കച്ചവടക്കാരുടെ സാധനങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, കൊവിഡ് പ്രതിസന്ധിനേരിടുന്ന ഈ സമയത്ത് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ വഴിയോര കച്ചവടക്കാരുടെ സംഘടനകളും രംഗത്തെത്തി.
കൗൺസിൽ തീരുമാന പ്രകാരമാണ് നടപടിയെന്ന് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ് പറഞ്ഞു. കോടികൾ മുടക്കിയാണ് ഈ റോഡ് നവീകരിച്ചത്. ഇത്തരം റോഡുകളിൽ ഗതാഗതത്തിന് തടസമാകുന്നവിധം കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.