കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്റി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അപേക്ഷകൾ തയ്യാറാക്കി നല്കിയ താല്ക്കാലിക തൊഴിലാളികൾക്ക് കൂലി കിട്ടും.

ഇവർക്ക് കൂലി കിട്ടാത്തത് സംബന്ധിച്ച് കഴിഞ്ഞ 12 ന് ' കേരളകൗമുദി 'നല്കിയ വാർത്തയെ തുടർന്നാണ് നടപടി. വേതനം നല്കുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നല്കിയതായി മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു.

കൃഷി മന്ത്രിയ്ക്ക് സാമൂഹ്യ പ്രവർത്തകനായ സജോ സക്കറിയ ആൻഡ്രൂസ് പരാതിയും നല്കിയിരുന്നു. ജോലി ചെയ്ത ഇവർക്ക് ഒരു വർഷമായിട്ടും കൂലി ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിലാണ് യോഗ്യരായ കർഷകരുടെ അപേക്ഷകൾ അടിയന്തിരമായി തയ്യാറാക്കി നല്കാൻ ഓരോ കൃഷി ഭവനും നിർദ്ദേശം ലഭിച്ചത്.

അപേക്ഷ കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്യുന്നതിനും മ​റ്റുമായി വകുപ്പിന്റെ അറിവോടെ താല്ക്കാലികമായി ആളെയെടുത്താണ് ജോലി പൂർത്തിയാക്കിയത്. ഇവർക്ക്

ഒരു അപേക്ഷ അപ് ലോഡ് ചെയ്യാൻ 6 രൂപയായിരുന്നു പ്രതിഫലം. ജില്ലയിൽ രണ്ട് ലക്ഷത്തിന് മേൽ അപേക്ഷകൾ ഇവർ അപ്‌ലോഡ് ചെയ്തു..