പള്ളുരുത്തി: കൊച്ചിയിൽ റേഷൻ വിതരണം പുനരാരംഭിച്ചു.കൂലി, വാടക ഇനത്തിൽ കുടിശിക വന്നതോടെയാണ് ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കിയത്.ഇന്നലെ സപ്‌ളൈകോ ഏരിയ മാനേജരുടെ നേതൃത്വത്തിൽ ജനറൽ വർക്കേഴ്‌സ് യൂണിയൻ, കരാറുകാരൻ എന്നിവരുമായി നടന്ന ചർച്ചയിലാണ് സമരം അവസാനിച്ചത്.മെയ് മാസത്തെ ജീവനക്കാരുടെ കൂലി, വാടക എന്നിവ നൽകി. ജൂൺ മാസത്തേത് 2 ദിവസത്തിനകം നൽകണമെന്നും ചർച്ചയിൽ ധാരണയായി. ഇതോടെ കെട്ടിക്കിടന്ന 20 ലോഡ് ഭക്ഷ്യ സാധനങ്ങൾ കൊച്ചിയിലെ 200 റേഷൻ കടകളിൽ എത്തി. മാടവന, കുമ്പളം, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചി താലൂക്കിൽ വാതിൽ പടി റേഷൻ വിതരണം നടക്കുന്നത്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കരാറുകാരന്റെ ലെവിയിൽ നിന്ന് ജീവനക്കാർക്കുള്ള പണം നൽകുമെന്ന് ഏരിയ മാനേജർ പറഞ്ഞു.