തൃപ്പുണിത്തുറ: ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിക്ക് സമീപവാസിയായ യുവതി പനിയും വിറയറിളക്കവുമുള്ള കൈക്കുഞ്ഞുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ എത്തിയത്. ഏറെ നേരം കാത്തു നിന്നിട്ടും ചികിത്സ ലഭിച്ചില്ല.പിന്നീട് പിതാവ് എത്തി കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവ് മാസ്ക് ധരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രാഥമിക കേന്ദ്രം ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം. കുട്ടിയുടെ പിതാവ് ഡ്യൂട്ടി ഡോക്ടർക്കെതിരെ ഡി.എം.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇന്നലെ ഇതേക്കുറിച്ച് അന്വേഷിക്കാൻ എത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകരും ഡോക്ടറുമായി തമ്മിൽ വക്കേറ്റം നടന്നു. പിന്നീട് പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റി. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ആശുപത്രിക്കു മുന്നിൽ കൂട്ടം കൂടിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.