തൃക്കാക്കര/ പള്ളുരുത്തി: മഴക്കാല അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിൽ താലൂക്ക് തല മോക്ക്ഡ്രില്ലുകൾക്ക് തുടക്കമായി. രണ്ട് ദിവസം മുമ്പ് കളക്ടറേറ്റിൽ ചേർന് ജില്ലാ ദുരന്തനിവാരണ സമിതിയാണ് മോക്ക്ഡ്രില്ലുകൾ സംഘടിപ്പിക്കാൻ അനുമതി നൽകിയത്. ജില്ലാ തലത്തിൽ ആദ്യ മോക്ഡ്രിൽ കൊച്ചി താലൂക്കില ചെല്ലാനം പഞ്ചായത്തിൽ നടന്നു. കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ ഉയരത്തിൽ വരെ തിരമാല ഉയരാൻ സാദ്ധ്യതയുണ്ടെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലൂന്നിയായിരുന്നു മോക്ഡ്രിൽ. 4.15 ന് കളക്ടറേറ്റിൽ നിന്ന് എത്തിയ സന്ദേശം അഞ്ച് മിനിറ്റകം തന്നെ തഹസിൽദാർ, പൊലീസ്, ഫയർഫോഴ്‌സ്, ഡി.എം.ഒ എന്നിവർക്ക് കൈമാറി. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും സന്ദേശങ്ങൾ നൽകി. താലൂക്ക് കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശം അതാത് പ്രദേശത്തെ വില്ലേജ് ഓഫീസർമാർക്ക് കൈമാറി. കൊവിഡ് സാഹചര്യത്തിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്ന രീതി മോക്ഡ്രില്ലിൽ അവതരിപ്പിച്ചു. ഹോം ക്വാറന്റീനിൽ കഴിയുന്നവർക്കായുള്ള ക്യാമ്പുകൾ ശരിയായ രീതിയിലാണോ എന്ന് പരിശോധിച്ചു. ശുചിമുറിയോട് കൂടിയ മുറികളുള്ള വീടാണ് ഇവർക്ക് വേണ്ടത്. പൊതുജനങ്ങളെ ഒഴിവാക്കി പകരം സന്നദ്ധ പ്രവർത്തകരെ മോക്ഡ്രില്ലിന്റെ ഭാഗമാക്കി. വകുപ്പുകളിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു. ശാരീരിക അകലം പാലിച്ച്, മാസ്‌ക് ധരിച്ചായിരുന്നു പ്രവർത്തനം. ആലുവ, മൂവാറ്റുപുഴ, പറവൂർ താലൂക്കുകളിൽ ഇന്നാണ് മോക്ക്ഡ്രില്ലിൽ. അണക്കെട്ടുകൾ തുറക്കുന്നതും പ്രളയസാഹചര്യവും മുന്നിൽക്കണ്ടുള്ളതാണ് മൂന്ന് താലൂക്കുകളിലെയും പ്രവർത്തനങ്ങൾ. കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിൽ കനത്ത മഴയെയും പ്രളയസാഹചര്യവും പ്രതിരോധിക്കുന്ന വിധത്തിൽ 18ന് മോക്ക്ഡ്രിൽ നടത്തും. മണ്ണിടിച്ചിൽ പ്രതിരോധ പ്രവർത്തനങ്ങളിലൂന്നി ഈ മാസം 19നാണ് കോതമംഗലം താലൂക്കിലെ മോക്ക്ഡ്രിൽ. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് മോക്ക്ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.
നിരീക്ഷകരെ ഏർപ്പെടുത്തും
പഞ്ചായത്തുകളിലെ ദുരന്തനിവാരണ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ നിരീക്ഷകരെ ഏർപ്പെടുത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ക്യാമ്പുകൾ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ നിരീക്ഷകർ വിലയിരുത്തും. ഓരോ താലൂക്കുകളിലെയും നിരീക്ഷകർക്ക് പുറമേ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഒരു നിരീക്ഷകൻ കൂടിയുണ്ടാകും.