കൊച്ചി:സ്മാര്‍ട്ട് ഫോണ്‍ വമ്പനായ ഷവോമി ഈ മാസത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ ആദ്യ ലാപ്‌ടോപ്പ്, എംഐ നോട്ട്ബുക്ക് 14 ലോഞ്ച് ചെയ്തത്.ഒപ്പം എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ എഡിഷന്‍ എന്ന പ്രീമിയം ലാപ്‌ടോപ്പും പുറത്തിറക്കിയ ഷവോമി ഈ മോഡലുകള്‍ ആദ്യമായി ഇന്ന് ഓണ്‍ലൈന്‍ വില്പനക്കെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ഷവോമി വെബ്സൈറ്റ് വഴിയും, ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോണ്‍ വഴിയും ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഓര്‍ഡര്‍ ചെയ്യാം.
അടിസ്ഥാന മോഡല്‍ ആയ എംഐ നോട്ട്ബുക്ക് 14 സീരീസില്‍ 3 പതിപ്പുകളും, ഹൊറൈസണ്‍ എഡിഷന്‍ 2 പതിപ്പുകളിലും ലഭ്യമാണ്. 256 ജിബി സ്റ്റോറേജ് ഉള്ള നോട്ട്ബുക്ക് 14 മോഡലിന് Rs 41,999 രൂപയും, 512 ജിബി വേരിയന്റിന് Rs 44,999 രൂപയും 512 ജിബി സ്റ്റോറേജ് കപ്പാസിറ്റിക്കൊപ്പം എന്‍വിഡിയയുടെ ഗ്രാഫിക്‌സ് കാര്‍ഡും ചേര്‍ന്ന മോഡലിന് Rs 47,999 രൂപയുമാണ് വില. റാമും, സ്റ്റോറേജും തമ്മില്‍ വ്യത്യാസമില്ലെങ്കിലും ഹൊറൈസണ്‍ എഡിഷന്റെ കോര്‍ i5 പ്രോസസ്സര്‍ ഉള്ള മോഡലിന് Rs 54,999 രൂപയും, കോര്‍ i7 പ്രോസസ്സര്‍ ക്രമീകരിച്ച മോഡലിന് Rs 59,999 രൂപയുമാണ് വില. എച്ഡിഎഫ്‌സി ബാങ്ക് ഓഫാറായി 2000 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
14-ഇഞ്ച് ഫുള്‍-HD (1,920x1,080 പിക്‌സല്‍) ഡിസ്‌പ്ലേയുള്ള ലാപ്‌ടോപ്പ് ആണ് എംഐ നോട്ട്ബുക്ക് 14. 16:9 ആസ്‌പെക്ട് റേഷിയോ. വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പിന് 10-ജനറേഷന്‍ ഇന്റല്‍ കോര്‍ i5 പ്രോസസ്സര്‍ ആണ് കരുത്ത് പകരുന്നത്. വേരിയന്റ് അനുസരിച്ച് എന്‍വിഡിയ ജിഫോഴ്‌സ് MX250 ഗ്രാഫിക്‌സ് കാര്‍ഡ്, 8 ജിബി വരെ DDR4 റാം, 512 ജിബി വരെ SATA SSD സ്റ്റോറേജ് എന്നിവ എംഐ നോട്ട്ബുക്ക് 14-യില്‍ ലഭ്യമാണ്. 14 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ലാപ്ടോപ്പിന് 3 എംഎം മാത്രമാണ് ബെസെല്‍. 1.5 കിലോഗ്രാം ഭാരമുള്ള ലാപ്ടോപ്പിന് 10 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ആണ് ഷവോമി അവകാശപ്പെടുന്നത്.