pic

നോക്കിയ ഫോൺ വിപണി ഭരിച്ചിരുന്ന കാലത്ത് സംഗീതാസ്വാദകരുടെ ഇഷ്ടതാരമായിരുന്നു 5310 എക്സ് പ്രസ് മ്യൂസിക്. 2007ൽ വില്പനക്കെത്തിയ 5310 എക്സ് പ്രസ് മ്യൂസിക് നോക്കിയയുടെ നല്ല കാലം അവസാനിച്ചതോടെ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായി. രണ്ടാം വരവിൽ നൊസ്റ്റാൾജിയയുടെ കൂട്ടുപിടിച്ചു ഒരു പിടി ഫീച്ചർ ഫോണുകൾ ഇന്ത്യയിലെത്തിച്ച നോക്കിയ ഇക്കൂട്ടത്തിലേക്ക് പുത്തൻ നോക്കിയ 5310 ഉം അവതരിപ്പിച്ചു.

ഫീച്ചർ ഫോൺ ആയതുകൊണ്ട് തന്നെ 3,399 രൂപ മാത്രമാണ് പുത്തൻ നോക്കിയ 5310യുടെ വില. യഥാർത്ഥ 5310 എക്സ് പ്രസ് മ്യൂസിക്കിന് സമാനമായി ഡ്യുവൽ ടോൺ നിറങ്ങളായ വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളർ കോമ്പിനേഷനിലാണ് പുത്തൻ മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. ഈ മാസം 23 മുതൽ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ മുഖേനയോ, നോക്കിയ ഓൺലൈൻ സ്റ്റോർ വഴിയോ പുത്തൻ നോക്കിയ 5310 വാങ്ങാം.

ഫീച്ചർ ഫോൺ ആയതുകൊണ്ടുതന്നെ ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളും കീപാഡുമുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ് പ്ളേയാണ് പുത്തൻ നോക്കിയ 5310യ്ക്ക്. ഡ്യുവൽ സിം സംവിധാനമുള്ള ഫോണിന് 8 എംബി റാമുമായി ബന്ധിപ്പിച്ച മീഡിയടെക് MT6260A SoC പ്രോസസർ ആണ് കരുത്ത് പകരുന്നത്. നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന ഫോണിന് 16 എംബിയുടെ ഇന്റേണൽ സ്റ്റോറേജ് ആണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കപ്പാസിറ്റി 32 ജിബി വരെ വർദ്ധിപ്പിക്കാം. വശങ്ങളിൽ തന്നെ ശബ്ദസംവിധാനങ്ങൾക്കുള്ള ബട്ടണുകൾ, സ്പീക്കറുകൾ, വയർലെസ് എഫ്എം റേഡിയോ എന്നിവ പുത്തൻ 5310ൽ ചേർത്തിട്ടുണ്ട്. 1,200 mAh റിമൂവബിൾ ബാറ്ററിയുള്ള പുത്തൻ നോക്കിയ 5310ന് 20 മണിക്കൂർ നേരത്തെ ടോക്ക് ടൈമും 22 ദിവസത്തെ ബാറ്ററി ബാക്കപ്പ് (സ്റ്റാൻഡ് ബൈ) ടൈമും ആണ് നോക്കിയ അവകാശപ്പെടുന്നത്.


ഫീച്ചർ ഫോൺ ആണെങ്കിലും വിജിഎ കാമറയും പിന്നിൽ ഫ്ലാഷും നോക്കിയ 5310 ലുണ്ട്. MP3 പ്ലെയർ, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് വി 3, മൈക്രോ യുഎസ്ബി പോർട്ട് എന്നീ ഫീച്ചറുകളും പുത്തൻ നോക്കിയ 5310-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.