കൊച്ചി: ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചന പൊറുക്കാനാവാത്തതാണെന്നും പിണറായി വിജയൻ പ്രവാസികളടെ അന്തകനായി മാറിയെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ പറഞ്ഞു. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വഞ്ചനക്കെതിരെ എസ്.ഡി.പി.ഐ എറണാകുളം നോർക്ക ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊറോണ ഭീതിയിൽ തിരികെയെത്തുന്ന പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കേണ്ട സംസ്ഥാന സർക്കാർ അവരെ ആട്ടിയകറ്റുകയാണ്. തിരികെ എത്തുന്നവർക്ക് പ്രഖ്യാപിച്ച എല്ലാ സൗകര്യങ്ങളും ഒന്നൊന്നായി വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാർ അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കച്ചേരിപ്പടിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിലും ധർണയിലും എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സലാം പറക്കാടൻ, ജില്ലാ ജനറൽ സെക്രട്ടറി വി.എം.ഫൈസൽ, ബാബു വേങ്ങൂർ സംസാരിച്ചു. നേതാക്കളായ സുധീർ ഏലൂക്കര, ലത്തീഫ് കോമ്പാറ,നാസർ എളമന, ഷാനവാസ് പുതുക്കാട്, എൻ.കെ.നൗഷാദ് തുരുത്ത് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.