കൊച്ചി: രാവിലെ ഓൺലൈൻ ക്ലാസ്, വൈകിട്ട് പഠിപ്പിക്കൽ, രാത്രിയോടെ കുട്ടികളുടെ ഹോംവർക്കുകൾ റെക്കാർഡ് ചെയ്‌തോ, വീഡിയോയോ അദ്ധ്യാപകർക്ക് അയച്ചു കൊടുക്കണം. ഓൺലൈൻ ക്ലാസുകൾ തുടങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ രക്ഷിതാക്കളും പഠിപ്പുരയിലാണ്. വിക്ടേഴ്‌സ് ചാനൽ വഴിയും വിവിധ സോഫ്റ്റ് വെയറിലൂടെയുമാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. ക്ലാസിലിരുന്നുള്ള പാഠം പകർന്നു നൽകിയിരുന്ന സ്ഥിതി മാറിയതോടെ രക്ഷിതാക്കൾക്ക് കൂടുതൽ സമയം വിദ്യാർത്ഥികളുടെ പഠനത്തിനായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമാണ്. രണ്ടു കുട്ടികളുണ്ടെങ്കിൽ ഇരട്ടി പണിയാണ്.
സമയം
രാവിലെ എട്ടു മണി
രാവിലെ എട്ടിന് ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികളെ ശ്രദ്ധയോടെ ഇരുത്തുക എന്ന ചുമതല രക്ഷിതാക്കൾക്കാണ്. പഠനത്തിൽ ഉഴപ്പുന്നില്ലെന്നും ഉറപ്പു വരുത്തണം. കൂടാതെ അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ കുട്ടികൾ പാലിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കണം. പാഠഭാഗങ്ങൾ സംബന്ധിച്ചും അവർക്ക് ലഭിച്ച ഹോം വർക്കുകളെ സംബന്ധിച്ചും മനസിലാക്കണം. അദ്ധ്യാപകർ സ്‌കൂളുകളിൽ ചെയ്തിരുന്ന കടമകൾ ഓരോന്നും ഇപ്പോൾ രക്ഷിതാക്കളുടെ ചുമലിലാണ്.
സമയം
വൈകിട്ട് നാല്
ഓൺലൈൻ പഠനത്തിന് ശേഷം കുട്ടികളെ പഠിപ്പിക്കലും ഹോം വർക്ക് ചെയ്യിപ്പിക്കലുമാണ് അടുത്ത കടമ്പ. മുൻ വർഷങ്ങളിൽ ട്യൂഷൻ ടീച്ചർക്കായിരുന്നു ഈ ചുമതല. എന്നാൽ ഇക്കുറി അതും രക്ഷിതാക്കളെ തന്നെ തേടിയെത്തിയിരിക്കുകയാണ്. പാഠഭാഗങ്ങൾ ഹൃദ്യസ്ഥമാക്കി കഴിഞ്ഞാൽ അടുത്തത് ഹോം വർക്കാണ്. ഇത് സോഷ്യൽ മീഡിയ വഴിയാണ് അദ്ധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടത്. കുട്ടികൾ പഠിച്ച കാര്യങ്ങൾ ഓഡിയോ, വീഡിയോ എന്നിവയായി അയക്കണം. ഇത് റെക്കാർഡ് ചെയ്ത് അയക്കേണ്ടതും രക്ഷിതാക്കളാണ്. വാട്‌സ് ആപ്പിലൂടെ വരുന്ന അദ്ധ്യാപകരുടെ നിർദ്ദേശങ്ങളും വായിച്ച് മക്കളെ പഠിപ്പിക്കുകയും വേണം.
കൈകാര്യംവെല്ലുവിളി
ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അറിയാത്ത രക്ഷിതാക്കൾക്ക് പുതിയ പാഠ്യ രീതി ഏറെ വെല്ലുവിളിയാണ്. പലർക്കും മറ്റുള്ളവരെ ആശ്രയിച്ചു മക്കളെ പഠിപ്പിക്കേണ്ട സ്ഥിതിയാണ്. ഇത് പരിഹരിക്കാൻ അദ്ധ്യാപകർ പലരും രക്ഷിതാക്കളെ നേരിട്ട് വിളിച്ച് പഠനകാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്. മാതാപിതാക്കൾ ജോലിക്കു പോകുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെയും ഓൺലൈൻ പഠനം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പണികൾ ഇരട്ടിയായി
രാവിലെ എട്ടു മണി മുതൽ മൂന്നാം ക്ലാസുകാരനായ മകന്റെ ഓൺലൈൻ ക്ലാസ് ആരംഭിക്കും. രണ്ടു മണിക്കൂർ വീതമാണ് ക്ലാസ്. പിന്നീട് 10 മണി മുതൽ എട്ടാം ക്ലാസുകാരിയായ മകളുടേതു തുടങ്ങും. കൂടാതെ ഓത്തു പഠനവും ഇപ്പോൾ ഓൺലൈനാണ്. ഇവയെല്ലാം കുട്ടികളെ പഠിപ്പിച്ച് ഹോ വർക്ക് ചെയ്ത് അദ്ധ്യാപകർക്ക് അയച്ചു നൽകുമ്പോഴേക്കും രാത്രി വൈകും. ഒപ്പം വീട്ടു ജോലി കൂടിയാവുമ്പോൾ ഇരട്ടി പണിയാണ്.
സീനത്ത്
വീട്ടമ്മ