കൊച്ചി: യു.ജി.സി നിർദേശപ്രകാരം കൊവിഡ് അതിജീവനത്തെപ്പറ്റി കാർഷിക മേഖലയിൽ ഗവേഷണം നടത്താൻ കളമശേരി നുവാൽസ് തീരുമാനിച്ചു. ആലങ്ങാട്, എടത്തല പഞ്ചായത്തുകളിലെയും തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളിലെയും കാർഷികമേഖലയിൽ അധിവസിക്കുന്ന 500 ആളുകളുടെ ഇടയിലാണ് പഠനം നടത്തുന്നത്. കൊവിഡിനെപ്പറ്റി ജനങ്ങൾക്കുള്ള അവബോധം, കോവിഡ് വ്യാപന പ്രതിസന്ധി നേരിടാൻ നാട്ടുകാർ സ്വീകരിച്ച രീതി, അസുഖബാധ തടയുന്നതിനായി തദ്ദേശീയമായി കൈക്കൊണ്ട നടപടികൾ എന്നിവയാണ് പഠനവിധേയമാക്കുന്നത്.
പ്രൊഫ. എസ്. മിനി, വിദ്യാർത്ഥിക്ഷേമ ഓഫീസർ ഡോ. സുജിത് എസ്. നായർ, ഗവേഷണ ഓഫീസർ ഡോ. എസ്. ബിന്ദു എന്നിവരടങ്ങിയ മേൽനോട്ടസമിതിയെ ചുമതലപ്പെടുത്തിയതായി വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അറിയിച്ചു. 18 മുതൽ 25 വരെ തീയതികളിൽ സർവേ നടത്തി 30ന് റിപ്പോർട്ട് സമർപ്പിക്കും.