തൃക്കാക്കര : മഴക്കോട്ടുകൾ,ഗം ബൂട്ടുകൾ, കുട,ടോർച്ച്. ഇങ്ങനെ മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം വില്ലേജ് ഓഫീസുകളിൽ എത്തിതുടങ്ങി. സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. അടുത്തമാസത്തോടെ ചെറുവഞ്ചികൾ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളും ഓരോ വില്ലേജുകൾക്ക് കൈമാറും.അപ്പോളോ ടയേഴ്‌സിന്റെ സഹായത്തോടെയാണ് ജീവനക്കാർക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നത്.
കളക്ട്രേറ്റിൽ എ.ഡി.എം സാബു കെ. ഐസക്കിന്റെ അദ്ധ്യക്ഷത വഹിച്ചു. സബ്കളക്ടർ സ്‌നേഹിൽകുമാർ സിംഗ് ജില്ലാ കളക്ടറിൽ നിന്നും ആദ്യ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് വിവിധ റെവന്യൂ ഡിവിഷണൽ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമുള്ള ഉപകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൈമാറി. ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, അപ്പോളോ ടയേഴ്‌സ് യൂണിറ്റ് മേധാവി കെ. സുനിൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ എൻ. ആർ വൃന്ദാദേവി, പി. ബി സുനിൽ ലാൽ, അസി. കളക്ടർ രാഹുൽകൃഷ്ണ ശർമ, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളിൽ ഓടിയെത്തേണ്ട റെവന്യൂ ജീവനക്കാർക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും ഉടൻ ലഭ്യമാക്കും. ഇതോടൊപ്പം ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. രണ്ട് പ്രളയകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ആർ ഫണ്ട് ലഭ്യമാക്കി ആവശ്യമായ ഉപകരണങ്ങൾ നൽകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യത്തെ സുസജമായ റെവന്യൂ സംവിധാനം ജില്ലയിൽ ഒരുക്കും.
എസ്.സുഹാസ്
ജില്ലാ കളക്ടർ
എറണാകുളം
മഴക്കോട്ട് -850
ഗം ബൂട്ട് -850
കുട-250
ടോർച്ച് 200