building
ആലുവ നഗരസഭയുടെ പഴയ കെട്ടിടത്തിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളലുകൾ

ആലുവ: ആലുവ പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി വർഷങ്ങൾ പിന്നിട്ടും പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. നിലവിൽ പ്രധാന കെട്ടിടം ജീർണാവസ്ഥയിലാണ്. തകർച്ച ഭീഷണി നേരിടുന്ന കെട്ടിടത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ജീവൻ പണയം വച്ചാണ് ഇവിടെയുള്ള സ്ഥാപനങ്ങളിൽ ആളുകൾ ജോലി ചെയ്യുന്നത്.കെട്ടിടത്തിൽ പല ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.കോൺക്രീറ്റ് തൂണുകൾ പോലും വിണ്ടുകീറിയ അവസ്ഥയിലാണ്. പല കെട്ടിടങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. മുകൾ ഭാഗത്തെ മുറികളിൽ നിന്നും സെപ്റ്റിക് ടാങ്കുകളിലേക്കുള്ള പൈപ്പുകൾ വരെ പലപ്പോഴും ചോരാറുണ്ട്. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാളുകളായി വ്യാപാരികളും ഇടപാടുകാരും ആവശ്യപ്പെടുന്നുണ്ട്.

#നവീകരണ പ്രഖ്യാപനം2017

പഴക്കമേറെയുള്ള കെട്ടിടങ്ങൾ പൊളിച്ച് പണിയാൻ 2017ലെ ബഡ്ജറ്റിലാണ് നഗരസഭ പദ്ധതി അവതരിപ്പിച്ചത്.

പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഒന്നരകോടി രൂപയുടെ പദ്ധതിയാണ് ബഡ്ജറ്റിൽ വിഭാവനം ചെയ്തിരുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചത്. നഗരത്തിലെ പ്രധാന പ്രശ്‌നമായ പാർക്കിഗിംന് പരിഹാരം കാണാവുന്ന വിധത്തിൽ അതിനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

#കെട്ടിടം ജീർണാവസ്ഥയിൽ

ബസ് സ്റ്റാൻഡിൻറെ മുൻവശത്ത് റോഡിനോട് ചേർന്ന് ബഹുനില കെട്ടിടവും ഉള്ളിലായി ഒറ്റ നിലയും നിരവധി കടമുറികളുമാണുള്ളത്. ബഹുനില കെട്ടിടത്തിൻറെ താഴ്ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങളുണ്ട്. കടയുടമകൾ, ജീവനക്കാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി നിരവധിയാളുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ നൂറ്കണക്കിന് ഇടപാടുകാർ നിത്യേന ഇവിടെ വന്നുപോകുന്നു. എന്നാൽ, കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും മറ്റ് അസൗകര്യങ്ങളും ഏവർക്കും ബുദ്ധിമുട്ടായി മാറുകയാണ്. തീരെ സൗകര്യങ്ങളില്ലാത്ത ഈ ഭാഗത്ത് വാഹനങ്ങളിൽ എത്തുന്നവർ ദുരിതം അനുഭവിക്കുകയാണ്.