കിഴക്കമ്പലം : പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തോട് പുനർജനിക്കായി രക്ഷകനെത്തേടുന്നു. വെമ്പിള്ളി - പനമ്പേലിത്താഴം - മനക്കേക്കര വലിയ തോടാണ് അധികാരികളുടെ അനാസ്ഥയിൽ നശിക്കുന്നത്. പഴന്തോട്ടത്ത് നിന്നാരംഭിച്ച് ഇൻഫോപാർക്കിനു സമീപത്ത് അവസാനിക്കുന്ന ഏഴു കിലോമീറ്ററോളം ദൂരമുള്ള തോട്ടിലെ നീരൊഴുക്ക് പൂർണമായും മാലിന്യം അടിഞ്ഞതോടെ നിലച്ചിരിക്കുകയാണ്. ഊത്തിക്കര ഭാഗത്ത് ക്രഷറിനു സമീപം പുല്ല് നിറഞ്ഞിട്ടും ശുചീകരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു നടപടി ഇല്ല. മാലിന്യം നിറഞ്ഞതുമൂലം തുണി കഴുകലും തോട്ടിലെ കുളിയുമെല്ലാം നിലച്ചിട്ടുണ്ട്.
# തടയണ കാടുകയറി
ഊത്തിക്കര ഭാഗത്തുള്ള തോടിന്റെ പാലത്തിന് അടിയിലുള്ള തടയണ കാടുകയറി അടഞ്ഞിരിക്കുകയാണ്. ഇതും നീരൊഴുക്ക് തടയുന്നതിന് കാരണമാണ്. ഈ ഭാഗത്തെ തടയണ ശുചീകരിച്ചാൽ തോട്ടിലെ നീരൊഴുക്ക് ഇരട്ടിയായി വർദ്ധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ തടയണ അടഞ്ഞുകിടക്കുന്നതിനാൽ അഞ്ചുകിലോമീറ്ററോളം ദൂരത്തോളം വരുന്ന തോട്ടിലെ വെള്ളം കെട്ടിക്കിടക്കുകയാണ്.
# തോട് കൈയേറ്റം പാരയായി
പഞ്ചായത്തുകളിലെ ഒട്ടേറെ ശുദ്ധജല പദ്ധതികളാണ് കടമ്പ്രയാറിനെ ആശ്രയിച്ച് നിലകൊള്ളുന്നത്. 14 കൈവഴികളാണ് കടമ്പ്രയാറിനുള്ളത്. പാലക്കുഴിത്തോട്, മാതക്കുളങ്ങരത്തോട്, പുതുശേരിക്കടവ് തോട്, താമരച്ചാൽ വലിയതോട്, കോച്ചേരിത്താഴം തോട്, കിഴക്കമ്പലം വലിയതോട്, പാപ്പാറക്കടവ് തോട്, മനക്കത്തോട്, മോറയ്ക്കാലത്താഴം തോട്, കാണിനാട് - പനമ്പേലിത്താഴം തോട്, പള്ളിക്കര തോട് എന്നിവയെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് ജല ഗതാഗതത്തിന് ഉപയോഗിച്ച വീതിയും ആഴവുമുള്ള തോടുകളായിരുന്നു. കൈയേറ്റം മൂലം തോടുകളുടെ വീതി കുറഞ്ഞിട്ടുണ്ട്. തോടുകളോട് ചേർന്നുള്ള ഏക്കർ കണക്കിനു പാടശേഖരങ്ങളിൽ കൃഷി ഇല്ലാതായതോടെ തോടുകളിൽ പുല്ലും പായലും നിറഞ്ഞു. നേരത്തേ കൃഷിയോടൊപ്പം തോടും ശുചീകരിക്കുമായിരുന്നു.