കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗിരീഷ്ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്റെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് ഐ.ജി നടത്തിയ അന്വേഷണത്തിൽ ലഭിച്ച സാക്ഷിമൊഴികളും രേഖകളും നൽകാനാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
ഭീഷണിയെക്കുറിച്ച് ലഭിച്ച പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് ആലുവ മജിസ്‌ട്രേട്ട് കോടതിക്ക് കൈമാറിയെന്നും കോടതിയുടെ ഉത്തരവ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഹർജി ജൂലായ് മൂന്നിന് പരിഗണിക്കും.
ഫ്ളൈഓവർ നിർമ്മാണ ക്രമക്കേടിലൂടെ നേടിയ പണം നോട്ട് നിരോധനക്കാലത്ത് പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലൂടെ മാറ്റിയെടുത്തത് വിജിലൻസ് അന്വേഷിക്കണമെന്ന ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിജിലൻസ് പ്രതി ചേർത്ത സാഹചര്യത്തിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന ഉപഹർജിയും നൽകിയിരുന്നു. തുടർന്ന് മന്ത്രിയും മകനുമുൾപ്പെടെ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്തെന്നും ഉന്നയിച്ച് സമർപ്പിച്ച ഉപഹർജി പരിഗണിച്ചാണ് വിജിലൻസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.