പെരുമ്പാവൂർ: കോടനാട് പുഴയരികിൽ മണലിൽ കളിക്കുന്നതിനിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വൈശാഖിന്റെ (20) മൃതദേഹം ഇന്നലെ പെരുമ്പാവൂർ ഫയർഫോഴ്‌സിന്റെ സ്‌ക്യൂബ ടീം കണ്ടെത്തി. കോതമംഗലം കുത്തുകുഴി സ്വദേശി ബേസിലിന്റെ (20) മൃതദേഹം കഴിഞ്ഞദിവസം രാത്രി കണ്ടെത്തിയിരുന്നു.

ആലാട്ടുചിറ നെടുമ്പാറചിറയ്ക്ക് സമീപം പെരിയാർ പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പന്ത് പുഴയിൽ പോയതിനെ തുടർന്ന് പന്തെടുക്കാനിറങ്ങിയ വൈശാഖ് ഒഴുക്കിൽപ്പെടുന്നത് കണ്ട് ബേസിൽ രക്ഷിക്കാനിറങ്ങിയതായിരുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോടനാട് പാന്തലമാലി നോബിയുടെയും ബീനയുടെയും മകനാണ് വൈശാഖ്. വൈഷ്ണവ് ഏകസഹോദരനാണ്.