പെരുമ്പാവൂർ:ഒക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പഞ്ചായത്തോഫീസിന് 200 മീറ്റർ അകലത്തിൽ ആൽക്കവലയിലുളള ആൽമരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. 40 വർഷം പഴക്കമുള്ള ഇവിടുത്തെ ആൽമരം പ്രദേശവാസികളായ ചെറുപ്പക്കാർ ഇടവേളകളിൽ ഒത്തുകൂടുന്ന കേന്ദ്രം കൂടിയാണ്. ആൽമരം കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഒക്കൽ കർത്തവ്യ ലൈബ്രറിയും ഒക്കൽ പൗരസമിതിയും പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ നാളിതുവരെ നടപടികളുണ്ടായില്ല.
#പരിഹാരമില്ലെങ്കിൽ സമരം
പരിസരവാസികൾ ഈ ആലിന് ചുവട്ടിൽ മാലിന്യ നിക്ഷേപം നടത്താൻ തുടങ്ങി. ഇതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ ഒക്കൽ പൗരസമിതി യോഗം ചേർന്ന് തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് വി.പിസുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.വി ബാബു, കെ .ഡി വർഗീസ്, കെ.എ. പൊന്നപ്പൻ ,എം പി. വിശ്വനാഥൻ, പി .റ്റി. പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.