കൊച്ചി: എല്ലാ മാസവും മീറ്റർ റീഡിംഗ് നടത്തി വൈദ്യുതി ബിൽ നൽകുന്നത് ഉപഭോക്താക്കൾക്ക് അധികഭാരമാവുമെന്ന് കെ.എസ്.ഇ.ബി ഹൈക്കോടതിയെ അറിയിച്ചു. . മീറ്റർ റീഡിംഗ് മാസംതോറും എടുക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിനയകുമാർ നൽകിയ ഹർജിയിലാണിത്. ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റി.
എല്ലാമാസവും ബിൽ നൽകേണ്ടി വന്നാൽ ജീവനക്കാരുടെ ജോലിഭാരവും ചെലവും വർദ്ധിക്കും. ഇത് ബില്ലിലും പ്രതിഫലിക്കും. മാസം 500 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്കാണ് രണ്ട് മാസം കൂടുമ്പോൾ ബിൽ നൽകുന്നത്. വേനൽ ശക്തമായ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി ഉപയോഗം വർദ്ധിക്കും. ലോക്ക് ഡൗണിൽ എല്ലാവരും വീടുകളിൽ കഴിഞ്ഞതോടെ ഉപഭോഗം വർദ്ധിച്ചതാണ് കൂടിയ ബിൽ തുകയ്ക്ക് കാരണം. 60 ദിവസത്തിന് പകരം 76 ദിവസം കണക്കാക്കി ബില്ല് നൽകിയെന്ന പ്രചാരണം തെറ്റാണ്. ലോക്ക് ഡൗൺ കാലത്ത്. ബിൽ അടയ്ക്കാത്തതിന് കണക്ഷൻ വിച്ഛേദിക്കില്ല. വൈകിയാൽ സർചാർജ് ഈടാക്കില്ല.ആശുപത്രികൾക്കും വ്യവസായങ്ങൾക്കും ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവനുവദിച്ചു. ഓൺലൈനിൽ പണമടയ്ക്കുന്നവരിൽ നിന്ന് മൂന്ന് മാസത്തേക്ക് ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. മേയിൽ ഓൺലൈനിൽ ആദ്യമായി ബിൽ അടച്ചവർക്ക് അഞ്ച് ശതമാനം തുക തിരിച്ചുനൽകി. ഗാർഹിക ഉപഭോക്താക്കൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസത്തെ ബില്ലിൽ പകുതി ഇപ്പോഴും, ബാക്കി പിന്നീടും അടയ്ക്കാൻ അനുമതി നൽകിയെന്നും കെ.എസ്.ഇ.ബി അറിയിച്ചു.