കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കരിമണൽ നീക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പുറക്കാട് പഞ്ചായത്ത് സ്റ്റോപ്പ്മെമ്മോ നൽകിയ പശ്ചാത്തലത്തിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
മണൽ നീക്കുന്നതിനെതിരെ തോട്ടപ്പള്ളി സ്വദേശി എം.എച്ച്. വിജയൻ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര ആണവോർജ വകുപ്പിനെയും കക്ഷിചേർത്തു.
കനാലിന്റെ വീതികൂട്ടുന്നതിനെ എതിർക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ആണവ ധാതുമണൽ വിഭാഗത്തിൽപ്പെടുന്ന കരിമണൽ നീക്കാൻ പരിസ്ഥിതി അനുമതി ആവശ്യമാണ്. നിയന്ത്രണമില്ലാത്ത മണൽഖനനം കടപ്പുറത്തെയും പൊഴിമുഖത്തെയും സമീപപ്രദേശങ്ങളെയും ബാധിക്കും. മണൽനീക്കാൻ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) നിയമവും അറ്റോമിക് മിനറൽ കൺസഷൻ ചട്ടവും ബാധകമാണ്. ദുരന്തനിവാരണ നടപടികളുടെ ഭാഗമായി മണൽനീക്കത്തിൽ പഞ്ചായത്തിന് ഇടപെടാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.