കൊച്ചി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് മുൻ സർക്കാരുകൾ മറുപടി പറയണമെന്ന് മുൻ സൈനികനും സംവിധായകനുമായ മേജർ രവി ആവശ്യപ്പെട്ടു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിയിട്ട് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇരു രാജ്യങ്ങൾക്കും വ്യക്തമായ അതിർത്തിയില്ല. 200 മീറ്റർ - 300 മീറ്റർ എന്ന കണക്കിൽ ചൈന അതിർത്തി ഇത് മൂലമാണ്. ഇതിന് മുൻ സർക്കാരുകൾ മറുപടി പറയണം.ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുടെ മരണസംഖ്യ ഉയരാനിടയാക്കിയത് ഉന്തും തള്ളിനുമിടയിൽ മണ്ണിടിഞ്ഞ് നദിയിലേക്ക് വീണത് മൂലമാകാം. നദിയിലെ തണുപ്പ് സഹിക്കാതെ മരണം സംഭവിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. ജവാൻമാരുടെ മൃതദേഹങ്ങൾ ഇരുരാജ്യങ്ങളും വിട്ടുനൽകിയത് യുദ്ധസമാന സാഹചര്യമല്ല അതിർത്തിലെന്നാണ് കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സൈന്യം വ്യക്തത വരുത്തണം.
യുദ്ധമുണ്ടായാൽ എന്ത് സംഭവിക്കുമെന്ന് പേടിക്കുന്ന ഇന്ത്യക്കാരുണ്ട്. എന്നാൽ, 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് എല്ലാവരും മനസിലാക്കണം. ചൈനീസ് സേന യുദ്ധത്തിന് സജ്ജമാകുമോഴേക്കും ഇന്ത്യയ്ക്കും തയ്യാറെടുക്കാനാകും. അത് ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. ഒരു രാജ്യത്തെയും അങ്ങോട്ടുകയറി ആക്രമിക്കാത്ത രാജ്യമാണ് നമ്മുടേതെന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.