കൊച്ചി: മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ് തയാറാകുന്നില്ലെന്നു ഓർത്തഡോക്‌സ് സഭ. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് 2019 ഒക്ടോബറിൽ ജില്ലാ കോടതി വിധിച്ചതാണ്.ചുമതല കൈമാറാൻ യാക്കോബായ സഭ തയ്യാറായിട്ടില്ല. മാസത്തിലൊരിക്കൽ കുർബാന അർപ്പിക്കാനനുവദിച്ച അവസരവും വിധി വന്നതിനു ശേഷം ഓർത്തഡോക്‌സ് വിശ്വാസികൾക്ക് നിഷേധിക്കപ്പെട്ടു. വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണത്തിന് കഴിഞ്ഞ 18നു ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പൊലീസിനെ സമീപിച്ചാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്.
കോടതി വിധി നടപ്പാക്കാൻ പൊലീസ് തയാറായില്ലെങ്കിൽ ജൂലായ് 2 നു പള്ളിയിൽ പ്രവേശിക്കുമെന്ന് ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ജിയോ ജോർജ് മട്ടമ്മേൽ എന്നിവർ പറഞ്ഞു.