കൊച്ചി : കലൂരിലെ അറവുശാലയിൽ നിന്ന് മാലിന്യങ്ങൾ പേരണ്ടൂർ കനാലിലേക്ക് ഒഴുക്കി വിടുന്നുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തി ജൂൺ 25 നകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. പേരണ്ടൂർ കനാലിലെ നീരൊഴുക്കു സുഗമമാക്കി കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.
കനാലാണ്, കാനയല്ല
ഹൈക്കോടതിയുടെ നിർദേശപ്രകാരം പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് പുന: സ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതിനിടെയാണ് ഇത്തരമൊരു പരാതി സിംഗിൾബെഞ്ചിനു മുന്നിലെത്തിയത്. നഗരസഭയുടെ ഉടമസ്ഥതയിൽ കലൂരിലുള്ള അറവുശാലയിൽ നിന്ന് മാലിന്യങ്ങളും അവശിഷ്ടങ്ങളും പേരണ്ടൂർ കനാലിലേക്ക് തള്ളുകയാണെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിലെ ആരോപണങ്ങൾ ശരിയാണെങ്കിൽ അങ്ങേയറ്റം ആപത്കരമായ സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പേരണ്ടൂർ കനാലിലേക്ക് ആരും മാലിന്യം നിക്ഷേപിക്കരുതെന്ന് കോടതി സമയാസമയങ്ങളിൽ പറയുന്നുണ്ട്. എന്നിട്ടും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ അറവുമാലിന്യങ്ങളും മറ്റും കനാലിലേക്ക് തള്ളുന്നത് അനുവദിക്കാനാവില്ല. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് പേരണ്ടൂർ കനാലിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഇതു പാലിക്കാൻ നഗരസഭയ്ക്കും ബാദ്ധ്യതയുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള പരാതി അന്വേഷിക്കാമെന്നും ഇവിടെയൊരു സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാനുള്ള നടപടികളുണ്ടെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു. മാലിന്യസംസ്കരണപ്ളാന്റ് ഇല്ലാതെയാണ് കലൂരിൽ അറവുശാല പ്രവർത്തിക്കുന്നതന്ന് നഗരസഭയുടെ വിശദീകരണത്തിൽ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
അമിക്കസ് ക്യൂറി പരിശോധിക്കട്ടെ
ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി പരിശോധന നടത്തി ജൂൺ 25 നകം റിപ്പോർട്ട് നൽകണം. പരിശോധനയ്ക്ക് ആവശ്യമെങ്കിൽ പൊലീസ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടാം. അമിക്കസ് ക്യൂറി ഇതാവശ്യപ്പെട്ടാൽ കോടതിയുടെ ഉത്തരവായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.