book-stall
ആലുവ–പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ റൂറൽ എസ്.പി ഓഫിസിനു സമീപം ഉദ്ഘാടനത്തിനൊരുങ്ങുന്ന 'വൺസ് അപ്പോൺ എ ടൈം' ബുക്ക് സ്റ്റാൾ

ആലുവ: ഉദ്ഘാടത്തിന് മുമ്പേ ഹിറ്റ് ലിസ്റ്റിൽ. രാജ്യത്ത് തന്നെ ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രേ ഇക്കൂട്ടത്തൽപ്പെടു. അതിലൊന്ന് ആലൂവയിലെ ഒരു ബുക്ക് സ്റ്റാളാണ്! 'വൺസ് അപ്പോൺ എ ടൈം' എന്ന പേരിലെ ഈ ബുക്ക് സ്റ്റാൾ ഈ വായനാദിനത്തിൽ വ്യത്യസ്തമാകുകയാണ്. നിർമ്മാണത്തിലെ കൗതകത്തിൽ വഴിയാത്രക്കാരനായ എടയപ്പുറം സ്വദേശി വിഷ്ണു മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ ഇൻസ്റ്റഗ്രാം പേജിൽ സ്ഥാനം പിടിച്ചതോടെയാണ് 'വൺസ് അപ്പോൺ എ ടൈമിന്റെ സമയം തന്നെ മാറിമറിഞ്ഞത്. നിമിഷങ്ങൾക്കകം ലോക പ്രശസ്തിയിലേക്ക് ഉയർന്നു. ബുക്ക് സ്റ്റാളിന്റെ മുൻഭാഗത്തെ വ്യത്യസ്ഥതയാണ് പൗലോ കൊയ്ലോയെ നവമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ ചിത്രം ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പൗലോ കൊയ്‌ലോയുടെ രാജ്യാന്തര ബെസ്റ്റ് സെല്ലറായ 'ആൽകെമിസ്റ്റ്' അടക്കമുള്ള നാല് പുസ്തകങ്ങൾ ഷെൽഫിൽ കുത്തിവച്ച ആകൃതിയിലാണ് ബുക്ക് സ്റ്റാളിന്റെ മുൻവശം. പറവൂർ ചാത്തനാട് സ്വദേശി റോയി തോമസും ആലുവ സ്വദേശി കെ.കെ. വിനോദുമാണ് ഉടമകളുടെ മനസിനിണങ്ങിയ വിധം കെട്ടിടത്തിന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചത്. അടുത്ത മാസമെങ്കിലും തുറക്കാനുള്ള ശ്രമത്തിലാണ് ഉടമകൾ.

അഞ്ച് സെന്റിൽ 3400 ചതുരശ്ര അടി വിസ്തീർണമുള്ള നാല് നില കെട്ടിടത്തിന്റെ താഴത്തെ നില ഭൂമിക്കടിയിലാണ്. മുൻവശം മാത്രമല്ല, ബുക്ക് സ്റ്റാളിന്റെ അകവും ആകർഷണീയമാണ്. നാല് നിലയ്ക്കും വ്യത്യസ്ഥ നിറം. ക്രമീകരണങ്ങൾ നൂതന ശൈലിയിൽ. അകത്തെ സ്റ്റീൽ ഗോവണിയുടെ കൈവരികളിലും പുസ്തകങ്ങൾ വയ്ക്കാം. പുസ്തക രൂപത്തിലുള്ള ലൈറ്റ് ഷേഡുകൾ, കരിങ്കൽ ഗുഹ എല്ലാം കൊണ്ടും പുതുമ. വില്പനക്ക് മലയാളം, ഇംഗ്ലിഷ്, ഹിന്ദി പുസ്തകങ്ങളുണ്ടാകും. ലോകത്തിലെ ഏതു പുസ്തകവും ലഭ്യമാക്കാൻ വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. 'വൺസ് അപ്പോൺ എ ടൈമി'ന്റെ സ്വന്തം നോട്ടുബുക്കുകളും വിൽപ്പനയ്ക്കുണ്ടാകും. കെ.എസ്.ഇ.ബിയിൽ എ.ഇയായിരുന്ന പുസ്തക പ്രേമിയായ ചൂണ്ടി സ്വദേശി എ. അജികുമാർ രണ്ട് കോടി രൂപ ചെലവഴിച്ചാണ് ബുക്ക് സ്റ്റാൾ തുറക്കുന്നത്.ആലുവ–പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ റൂറൽ എസ്.പി ഓഫിസിനു സമീപമാണ് ലോകമെങ്ങുമുള്ള വായനക്കാർ ആകാംഷപൂർവ്വം കാത്തിരിക്കുന്ന ബുക്ക് സ്റ്റാൾ.