# ജാമ്യാപേക്ഷ 22ന് പരിഗണിക്കും
തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രതി വിഷ്ണുപ്രസാദ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. കേസിലെ പ്രധാനപ്രതിയും കളക്ടറേറ്റ് ജീവനക്കാരനുമായിരുന്ന വിഷ്ണുപ്രസാദിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കവെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ പ്രതി തെളിവു നശിപ്പിക്കാനും ഒളിവിൽപോകാനും സാദ്ധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത്കുമാർ ചൂണ്ടിക്കാട്ടി. കേസിൽ കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നു. ജാമ്യാപേക്ഷ പരിഗണിച്ച വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റൻ കേസ് 22ലേക്ക് മാറ്റി.
ജൂൺ 8നാണ് എറണാകുളം ക്രൈംബ്രാഞ്ച് വിഷ്ണുപ്രസാദിനെ അറസ്റ്റുചെയ്തത്. 7 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യുവാൻ കോടതി പ്രതിയെ വിട്ടുകൊടുത്തിരുന്നു. നേരത്തെ ദുരിതാശ്വാസനിധിയിലെ വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 3മാസം ജയിലിൽ കിടന്നിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പുതിയ എഫ്.ഐ.ആർ പ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലെ പണം കൈകാര്യം ചെയ്തിരുന്ന പ്രതി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഉദ്ദേശം ഒന്നേകാൽ കോടി രൂപയിൽ 48 ലക്ഷം രൂപ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ നിക്ഷേപിച്ചും ബാക്കി 73 ലക്ഷം രൂപ സർക്കാരിലേക്ക് അടക്കാതെ സ്വന്തമാക്കിയെന്നുമാണ് കേസ്.