നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ നടന്ന സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 24 മുതൽ തുടർച്ചയായി 19 പ്രവൃത്തിദിവസം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക്കമ്മിറ്റി പ്രസിഡന്റ് പി.വൈ. വർഗീസ്, മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സി.വൈ. ശാബോർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

24ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരമാരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വാർഡുകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുക്കും. നെടുമ്പാശേരി പഞ്ചായത്ത് പരിധിയിലെ നിരവധി സ്ഥാപനങ്ങളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭരണസമിതി പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 67,000 രൂപ അടുപ്പക്കാർക്കായി വീതിച്ച് നൽകി. ഇത്തരത്തിൽ 3500 രൂപ ലഭിച്ച സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുടെ ഭാര്യ പണം മടക്കി നൽകുകയാണെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് സേവന സന്നദ്ധരായി വന്നവരെയെല്ലാം ഒഴിവാക്കി. വൻകിട സ്ഥാപനങ്ങൾ പണം നൽകിയതിന് പുറമെ സന്നദ്ധ സംഘടനകൾ ഭക്ഷ്യവസ്തുക്കളും സൗജന്യമായി നൽകി.

ബി.പി.എൽ ലിസ്റ്റിലൂടെ അനർഹമായി കൈപ്പറ്റിയത് തിരിച്ചേൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ പി.ജെ. ജോയി, കെ.പി. ധനേഷ്, ഷിബുപോൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.