കോലഞ്ചേരി: മഴക്കള്ളന്മാരിറങ്ങി. വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. തിരുട്ട് ഗ്രാമ കള്ളന്മാർ എത്താനുള്ള സാധ്യത കൂടി പരിഗണിച്ചാണ് മുന്നറിയിപ്പ്. മഴയുടെ മറവിൽ മോഷണം നടത്തുന്നതിലെ വിരുതന്മാരാണ് തിരുട്ട് ഗ്രാമക്കാർ. വീടിനുള്ളിൽ പണവും, സ്വർണവും സൂക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വാതിലിനു സുരക്ഷ കൂട്ടണം. മുൻ വാതിലുകൾ തകർത്തു കയറിയിരുന്ന മോഷണ സംഘങ്ങൾക്ക് ഇപ്പോൾ പ്രിയം അടുക്കള വാതിലുകളാണ്. കഴിഞ്ഞ 2 വർഷത്തിനിടെ ജില്ലയിൽ നടന്ന മോഷണ കേസുകളെല്ലാം അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ്. പൂട്ടിയിട്ട വീടുകളുടെ മുന്നിൽ പത്രവും, പാലും വയ്ക്കരുത് കള്ളന്റെ കണ്ണു പതിയും. പകൽ സമയത്ത് വീടുകളിലെത്തുന്ന വിവിധ തരം വില്പനക്കാർ, ആക്രി പെറുക്കുന്നവർ, ഭിക്ഷാടകർ ഇവരെ വീട്ടിൽ അടുപ്പിക്കാതെ ഒഴിവാക്കുക. തമിഴ് സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം.വീട് പൂട്ടി പൂട്ടി പോകുന്നവർ നിർബന്ധമായും അയൽപക്കത്തുള്ളവരെയൊ റസിഡൻസ് അസോ.ഭാരവാഹികളെയൊ വിവരം ധരിപ്പിക്കണം.

#വീടിനു വെളിയിൽ ലൈറ്റുകൾതെളിച്ചിടണം
മുൻ കരുതലാണ് മോഷണം തടയുന്നതിൽ പ്രധാനം. വീടിനു വെളിയിൽ ചുറ്റും കാണത്തക്കവിധം ഉള്ള ലൈറ്റുകൾ മഴക്കാലം കഴിയും വരെയെങ്കിലും തെളിച്ചിടാൻ ശ്രദ്ധിക്കണമെണം.

വി.ടി ഷാജൻ,കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ

#പൊലീസ് നിർദേശങ്ങൾ
*വീട്ടിൽ സ്വർണവും പണവും വച്ചിട്ടു പോകരുത്

*മാരാകായുധങ്ങൾ വീടിനു പുറത്തിടരുത്

പത്രവും, പാലും വീടിനു വെളിയിൽ വയ്ക്കാനുള്ള സാഹചര്യം ഒഴിവാക്കണം

*വീടിന്റെ പുറംവാതിലിനു ക്രോസ് ബാർ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനം ഒരുക്കണം

*ജനൽ പാളികൾ രാത്രി അടച്ചിടണം

*വീടിനു പുറത്തും അടുക്കളഭാഗത്തും മറ്റും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക

*രാത്രി ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്

*രാത്രി കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുക

*കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക

*പൊലീസ് സ്‌റ്റേഷൻ നമ്പർ വീട്ടിലെഴുതി സൂക്ഷിക്കുക

*കഴിയുന്നവർ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക