കോലഞ്ചേരി: കുന്നത്തുനാട്ടിൽ ഓൺലൈൻ പഠന സൗകര്യത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് പഠനമൊരുക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കൈത്താങ്ങ്. അഡ്വ. പി.വി ശ്രീനിജിൻ മുൻ കൈയെടുത്ത് 20 ടിവിയാണ് നൽകിയത്. പൂതൃക്ക പഞ്ചായത്തിലും പുത്തൻകുരിശ് ഹൻഡേഴ്സ് സ്പോർട്ടിംഗ് ക്ളബ്ബിന്റെ ടിവി ചലഞ്ചിലും ഇന്നലെ ടിവി വിതരണം ചെയ്തു. തന്റെ ഫേസ് ബുക്ക് പേജിലിട്ട ടിവി ചലഞ്ച് വിവിധ സാമൂഹ്യ സംഘടനകളും, സുഹൃത്തുക്കളും, സംരഭകരും ഏറ്റെടുത്തതോടെയാണ് അവരുടെ സഹകരണത്തോടെ ടിവി എത്തിക്കുന്നത്. നേരത്തെ പഴന്തോട്ടം, ഞാറള്ളൂർ,വടവുകോട് രാജർഷി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകിയിരുന്നു. ഒളിമ്പ്യൻ കെ.എം.ബിനു , പ്രമുഖ ഫുട്ബോൾ കമ്മന്റേറ്റർ ഷൈജു ദാമോദർ എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, അമൽ ഷൈജു , മനു മോഹൻ, എം. എം തങ്കച്ചൻ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.