കൊച്ചി : പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുകേസിൽ പ്രതികളായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗം എം.എം. അൻവർ, ഭാര്യ കൗലത്ത് എന്നിവർക്ക് കീഴടങ്ങാൻ ഹൈക്കോടതി മൂന്നുദിവസംകൂടി നീട്ടിനൽകി. കീഴടങ്ങിയശേഷം ഇവരെ കോടതിയിൽ ഹാജരാക്കണമെന്ന നിർദ്ദേശത്തിൽ വ്യക്തതതേടി ഇരുവരും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നും നാലും പ്രതികളാണ് അൻവറും കൗലത്തും. ഇവരുടെ കേസ് നിലവിലുള്ള മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജഡ്‌ജി അവധിയിലാണ്. ആ നിലയ്ക്ക് തൃശൂർ വിജിലൻസ് കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരിക്കും ഹാജരാക്കുക. ഇക്കാര്യം വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂൺ 22 നകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി ഇവരോടു നിർദേശിച്ചിരുന്നു. ചോദ്യംചെയ്തശേഷം കൗലത്തിന് ഉപാധികളോടെ ജാമ്യം നൽകാനും അൻവറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.