വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്ത് അതിർത്തിയിൽ നിലവിൽ നാല് മൊബൈൽ ടവർ സ്ഥിതി ചെയ്യുന്നതു കൂടാതെ അഞ്ചാമതായി ഒരെണ്ണംകൂടി സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഒരു മൈൽ നീളമുള്ള കുഴുപ്പിള്ളി പഞ്ചായത്ത് അതിർത്തിയിലെ റോഡിനിരുവശവുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. സി.ആർ.ഇസെഡ് മേഖലയിലാണ് ബന്ധപ്പെട്ട ആരുടെയും അനുവാദം വാങ്ങാതെയാണ് പണി ധ്രുതഗതിയിൽ നടത്തുന്നത്. അയ്യമ്പിള്ളി ശിവക്ഷേത്രത്തിനു സമീപത്തായി ഇല്ലിക്കൽ മോഹനന്റെ സ്ഥലത്താണ് പണി നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്നതും അയ്യമ്പിള്ളി മഹാദേവ ക്ഷേത്രം, പള്ളി, ആശുപത്രി, സ്‌കൂളുകൾ, അങ്കണവാടികൾ, കച്ചവടസ്ഥാപനങ്ങൾ, സിനിമാ തീയറ്റർ, മറ്റു പൊതുസ്ഥാപനങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണിത്. കൂടാതെ 110 കെ.വി. ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷൻ മനപ്പിള്ളി റോഡിൽ ഉണ്ട്. ജില്ലാ കളക്ടർ, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ, സൂപ്രണ്ട് ഒഫ് പൊലീസ്, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, സി.ഐ.ഒഫ് പൊലീസ്, വാർഡ് മെമ്പർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
#നടപടിയില്ലാത്തപക്ഷം സമരപരിപാടിയിലേക്ക്
സ്ഥലത്തെ റസിഡൻസ് അസോസിയേഷനുകൾ ഇതിനെതിരെ രംഗത്ത് വന്നു. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകി.നിർമ്മാണത്തിനെതിരെ നടപടി ഉണ്ടാകാത്തപക്ഷം സമരപരിപാടികളിലേക്ക് നീങ്ങാൻ റസി. അസോസിയേഷനുകൾ തീരുമാനിച്ചിട്ടുണ്ട്.