വൈപ്പിൻ: ജൈവ വൈപ്പിൻ പദ്ധതി മൂന്നാംഘട്ടപ്രവർത്തനങ്ങളുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.ശർമ്മ എം.എൽ.എ പഞ്ചായത്തുതല യോഗങ്ങൾ വിളിച്ചുചേർത്തു. ജൈവ വൈപ്പിൻ പദ്ധതിയുടെ ഭാഗമായി കാർഷികവൃത്തിയിലേർപ്പെടുന്ന മികച്ച ഗ്രൂപ്പുകൾക്ക് പഞ്ചാത്തുതലത്തിലും നിയോജകമണ്ഡലാടിസ്ഥാനത്തിലും അവാർഡുകൾ നൽകുമെന്ന് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകിവരുന്ന അതേ സമ്മാനത്തുക നിയോജകമണ്ഡലാടിസ്ഥാനത്തിലെ ആദ്യ സ്ഥാനക്കാർക്ക് നൽകും.പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട്,

നായരമ്പലം എന്നിവിടങ്ങളിലായി നടന്ന യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,സഹകരണ ബാങ്ക് പ്രസിഡന്റുമാർ,കൃഷി ഓഫീസർമാർ,കുടുംബശ്രീ ചെയർപേഴ്‌സൻമാർ,റസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ ഭാരവാഹികൾ,കൃഷി സമാജം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വരും

ദിവസങ്ങളിൽ ഇതര പഞ്ചായത്തുകളിലും യോഗം വിളിച്ചുചേർത്തിട്ടുള്ളതായി എം.എൽ.എ അറിയിച്ചു.

#മത്സരം ജൈവ കൃഷി രീതിയിൽ

ചുരുങ്ങിയത് 10 സെന്റ് പ്രദേശത്ത് കൃഷി നടത്തണം.പൂർണ്ണമായും ജൈവ രീതിയുള്ള കൃഷി രീതികൾ പിന്തുടരുന്നവരെ മാത്രമെ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. മത്സരാർത്ഥികൾ ഗ്രൂപ്പംഗങ്ങളുടെ പേര്,മേൽവിലാസം,മൊബൈൽ നമ്പർ, കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം സംബന്ധിച്ച വിശദാംശം, കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള എന്നീ കാര്യങ്ങൾ വെള്ളപേപ്പറിൽ വ്യക്തമാക്കിക്കൊണ്ട് മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന അപേക്ഷ ഈ മാസം 30 നകം അതത് കൃഷി ഓഫീസർമാർക്ക് സമർപ്പിക്കണം.

#മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ
നിലവിൽ സ്വയം സഹായ ഗ്രൂപ്പ് (എസ്.എച്ച്.ജി)രൂപീകരിച്ചിട്ടില്ലാത്തവർക്കും ഈ മത്സരത്തിനായി ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്.ഗ്രൂപ്പ് രൂപീകരിച്ചതുസംബന്ധിച്ച കത്ത് കുടുംബശ്രീ ഗ്രൂപ്പുകൾ അതത് ചെയർപേഴ്‌സൻമാർക്കുംറസിഡന്റ്‌സ് അസോസിയേഷൻ ഗ്രൂപ്പുകൾ അതത് പ്രസിഡന്റ് സെക്രട്ടറിമാർക്കും ഇതര വിഭാഗത്തിൽപ്പെട്ടവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും നൽകണം. ഇത്തരത്തിൽ നൽകുന്ന കത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.