malinyam
ആലുവ ബൈപാസ് സർവീസ് റോഡിനോട് ചേർന്ന മെട്രോ വാക്‌വേയിൽ കുന്നുകൂടികിടക്കുന്ന മാലിന്യങ്ങൾ

ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി നവീകരിച്ച ബൈപാസ് സർവീസ് റോഡിനോട് ചേർന്ന വാക്‌വേകളിൽ മാലിന്യം തള്ളുന്നു. ആലുവ നഗരസഭയുടെ അലംഭാവമാണ് മാലിന്യ നിക്ഷേപത്തിന് കാരണമെന്നാണ് ആക്ഷേപം. മാസങ്ങളായി മാലിന്യം നിക്ഷേപിച്ചിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.എറണാകുളം റോഡിൽ നിന്നുള്ള പെരിയാർവാലിയുടെ പൈപ്പ്‌ലൈൻ റോഡ് ബൈപാസ് സർവീസ് റോഡിൽ സംഗമിക്കുന്ന ഭാഗത്താണ് കൂടുതലായും മാലിന്യം തള്ളുന്നത്. ആലുവ നഗരസഭയുടെ അനാസ്ഥയാണ് മാലിന്യ പ്രശ്‌നത്തിന് പ്രധാന കാരണം.

#മാലിന്യം തള്ളൽവീണ്ടും

മെട്രോ സൗന്ദര്യ വത്കരണത്തിന് മുൻപ് ബൈപാസ് അടിപാതകൾ മാലിന്യം തള്ളുന്നതിനുള്ള പ്രധാന കേന്ദ്രമായിരുന്നു. ഇതിൽ നിന്ന് മോചനം കൂടിയായിരുന്നു സൗന്ദര്യവത്കരണം. എന്നാൽ, അതിന് ശേഷവും മാലിന്യം തള്ളപ്പെടുന്നത് പതിവാണ്. മാലിന്യങ്ങൾ അടിപാതകളിലും പാർക്കിംഗ് ഏരിയകളിലും കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. ഗാർഹിക മാലിന്യങ്ങൾ, കടകളിലെ മാലിന്യങ്ങൾ, വർക് ഷോപ്പുകളിലെ മാലിന്യങ്ങൾ തുടങ്ങിയവ ഇവിടെ തള്ളുന്നുണ്ട്. വലിയ ചാക്കുകെട്ടുകളാക്കിയും മാലിന്യം കൊണ്ടുവന്നിടുന്നുണ്ട്.