മൂവാറ്റുപുഴ: വായനയാണ് മനുഷ്യനെ വിവേകമതികളാക്കുന്നതെന്ന് കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കൊവിഡ് കാലത്ത് പുസ്തക വായനയാണ് തങ്ങളുടെ ചുറ്റുപാടുകളെ ഉണർത്തിയെതെന്നും അദ്ദേഹം പറയുന്നു.തങ്ങളുടെ ചുറ്റു പാടുമുള്ളവർ ലൈബ്രറി ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ടാണ് ലോക്ക് ഡൗൺ കാലയളവിൽ പുസ്തകങ്ങൾ വാങ്ങി വായിച്ചതെന്ന് വായന ദിനമായ ഇന്ന് കോട്ടമുറിക്കൽ ചൂണ്ടിക്കാട്ടുന്നു. ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമായ ഇന്നുമുതൽ തുടങ്ങുന്ന വായനാ പക്ഷാചരണ പരിപാടികൾ ഗ്രന്ഥശാലകൾക്ക് ജനകീയ മുഖം നൽകിയ ഐ.വി.ദാസിന്റെ ജന്മദിനമായ ജൂലായ്7 വരെ നീണ്ടുനിൽക്കുന്നതാണ്.ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ ഇവരുടെ പ്രവർത്തനത്തിന്റെ പങ്ക് വളരെ വലുതാണ് . ആപാരമ്പര്യം ഉൾകൊള്ളുന്നവരായ ലൈബ്രറി പ്രവർത്തകർ ഗ്രന്ഥശാല രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികളാണ് 18 ദിവസക്കാലം ഓരോ ഗ്രന്ഥശാലയിലും നടക്കുന്നതെന്നറിയുമ്പോൾ ഓരോ വായന ശാല പ്രവർത്തകനും അഭിമാനിക്കുകയാണ്. ഗ്രന്ഥപ്പുരയിൽ നിന്നും പകരുന്ന അക്ഷര വെളിച്ചത്തിന്റെ ഊർജ്ജം വിദ്യാഭ്യാസ ,സാംസ്‌കാരിക മേഖലയിലേക്ക് പകർന്നു നൽകന്നതിനായി അക്ഷരങ്ങളുടെ തോഴരായ പി.എൻ. പണിക്കരേയും, ഐ.വി. ദാസിനേയും ഓർമ്മിക്കുന്ന ഈ വർഷ ത്തെ വായന പക്ഷാചരണം മാതൃക പ്രവർത്തനങ്ങളോടെ സംഘടിപ്പിക്കുന്ന മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് കോട്ടമുറിക്കൽ പറഞ്ഞു.