അറയ്ക്കപ്പടി: ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി, പെരുമാനി ഭാഗങ്ങളിൽപ്പെട്ടവർ സമ്പർക്കപ്പട്ടികയിലായി. പെരുമാനി സ്വദേശിയാണ് ഇദ്ദേഹം. അറയ്ക്കപ്പടിയിൽ ഇദ്ദേഹം പനി ബാധിച്ച് ചികിത്സതേടിയ ആശുപത്രി ഡോക്ടർ സ്വമേധയാ അടച്ചു. നാല് നഴ്സിംഗ് ജീവനക്കാരും ഡോക്ടറും സ്വമേധയ ക്വാറന്റൈനിൽ പ്രവേശിച്ചു. പെരുമാനിയിൽ അടുത്ത് ഇടപഴുകിയ രണ്ട് സുഹൃത്തുക്കളെ ക്വാറന്റൈനിലാക്കി. വീട്ടുകാരും നിരീക്ഷണത്തിലാണ്.

കളമശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇദ്ദേഹം സ്റ്റേഷൻ പരിധിയിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലും നെടുമ്പാശേരി എയർപോർട്ടിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലിചെയ്തിരുന്നു. സമ്പർക്ക ലിസ്റ്റുണ്ടാക്കി മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് മതിയായ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപം നില നിൽക്കെയാണ് സിവിൽ പൊലീസ് ഓഫീസർ രോഗബാധിതനായത്.