കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാനവ്യാപകമായി ധർണ നടത്തും. 23ന് രാവിലെ 10 ന് സെക്രട്ടേറിയേറ്റിനു മുന്നിലും വിവിധ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവിധ ക്ഷേമനിധി ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, ക്ഷേമനിധിയിൽ അംഗമല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം നൽകുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ധനസഹായമായി അനുവദിക്കുക, ടൂറിസം മേഖലയിലെ ജീവനക്കാർക്ക് ധനസഹായം അനുവദിക്കുക, തൊഴിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, ഭാരവാഹികളായ പി.പി. ജോർജ്, ടി.കെ. അശോകൻ, സൈമൺ ഇടപ്പള്ളി എന്നിവർ പങ്കെടുത്തു.