ആലുവ: യു.സി കോളേജിന് സമീപം ബൈക്ക് യാത്രികനെ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെത്തിയ ഇരുചക്ര വാഹനങ്ങളുടേത് വ്യാജ നമ്പറുകളാണെന്ന് പൊലീസ് അന്വേഷണത്തിൽ ബോദ്ധ്യമായി. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ രണ്ടെണ്ണത്തിന്റെ നമ്പറുകളാണ് സി.സി ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമായത്. ഇവ രണ്ടും കാറുകളുടേതാണ്.

കുട്ടമശേരി ചാലക്കൽ കൊല്ലംകുടിവീട്ടിൽ രജിത്തിനെ (36) ജൂൺ 16ന് രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ എട്ടംഗസംഘമാണ് ആക്രമിച്ചത്. തീവ്രവാദ സ്വഭാവമുള്ള കേസായതിനാൽ പൊലീസ് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നത്.

പ്രതികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചെന്ന് ഉറപ്പായതോടെ ഇവർ മുങ്ങിയതായാണ് വിവരം. സംഭവ സമയത്ത് അക്രമണം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊബൈൽഫോൺ നമ്പറുകൾ ശേഖരിക്കാനും പൊലീസ് നീക്കമുണ്ട്.

ചാലക്കലിൽ നടന്ന മതംമാറ്റ വിഷയത്തിൽ രജിത്ത് ഇടപെട്ടതിനെത്തുടർന്നുണ്ടായ ചിലരുടെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തീവ്രവാദസംഘടനകളുടെ പങ്ക് അന്വേഷിക്കണം: എസ്. ജയകൃഷ്ണൻ

കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ രജിത്തിനെ പിന്തുടർന്നെത്തി ആക്രമിച്ച സംഘത്തിന് മത തീവ്രവാദികളുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിശ്രമിക്കുന്ന രജിത്തിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ പ്രദേശത്ത് അടുത്തിടെയായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പൊലീസ് ക്രിയാത്മകമായി അന്വേഷിക്കാതെ പലതും അട്ടിമറിക്കപ്പെടുകയാണ്. രജിത്തിനെ അക്രമിച്ച് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ആലുവയിൽ നടക്കുന്ന പല അക്രമസംഭവങ്ങൾക്ക് പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ എൻ.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.