police
കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ പോലീസ് സ്റ്റേഷനിൽ ഒരുക്കിയ പ്രത്യേക സന്ദർശന മുറി

ആലുവ: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക സന്ദർശന മുറി. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്കായാണ് സന്ദർശന മുറിയുടെ സൗകര്യം ലഭിക്കുക. കളമശേരിയിൽ പൊലീസുകാരന് കൊവിഡ് 19 ബാധിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക സന്ദർശന മുറി തയ്യാറാക്കാൻ തീരുമാനിച്ചത്.പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി ദിനം പ്രതി നൂറിലേറെ ആളുകൾ എത്തുന്നുണ്ട്. പരാതി സ്വീകരിക്കലും മറ്റും സ്റ്റേഷനകത്തു വെച്ച് തന്നെയാണ് നടക്കുന്നത്. ഇനി മുതൽ പരാതിക്കാർക്കും മറ്റും സ്റ്റേഷന് അകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പരാതി സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിസിറ്റേഴ്‌സ് റൂമീലായിരിക്കും നടക്കുക. ഇവിടെ കൈകഴുന്നതിന് പ്രത്യേക സൗകര്യമുണ്ടാകും. സാനിറ്റൈസർ ഉൾപ്പടെയുള്ളവ ഇവിടെ ലഭ്യമാകും. വിസിറ്റേഴ്‌സ് റൂമിന് സൗകര്യമില്ലാത്ത പൊലീസ് സ്റ്റേഷനുകളിൾ പ്രത്യേക ടെന്റുകൾ നിർമ്മിച്ച് സൗകര്യമൊരുക്കും. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് റൂം തയ്യാറാക്കിയിട്ടിള്ളതെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.