കൊച്ചി: തന്റെ പ്രായത്തിലുള്ള കുട്ടികൾ വായിക്കാൻ പുസ്തകങ്ങൾക്കായി ലൈബ്രറി അന്വേഷിച്ച് നടക്കുമ്പോൾ സ്വന്തമായി ഒരു ലൈബ്രറി നടത്തുകയാണ് പന്ത്രണ്ട് വയസുകാരി യശോദ ഡി. ഷേണായി. മട്ടാഞ്ചേരി പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തുള്ള തന്റെ ചിത്രശാല വീടിന്റെ രണ്ടാം നിലയിലാണ് അയ്യായിരം പുസ്തകങ്ങളുള്ള യശോദയുടെ ലൈബ്രറി. ആറാം വയസിലാണ് യശോദ
പുസ്തകങ്ങളുടെ ലോകത്തെത്തുന്നത്. അമ്മയാണ് പ്രചോദമായത്. അമർ ചിത്രകഥകളിൽ നിന്ന് പുറത്തേക്ക് വായന പരന്നപ്പോൾ സഹോദരൻ അച്യുത് ഷേണായിക്കൊപ്പം മൂന്നാംക്ളാസ് മുതൽ അടുത്തുള്ള ലൈബ്രറി സന്ദർശിക്കാൻ തുടങ്ങി. ഒരിക്കൽ പുസ്തകം തിരികെ നൽകാൻ വൈകിയപ്പോൾ പിഴ ഈടാക്കിയതാണ് സ്വന്തമായി ഒരു ലൈബ്രറി തുടങ്ങിയാലോ എന്ന ചിന്ത യശോദയിൽ ഉണ്ടാക്കിയത്.
പാവപ്പെട്ടവർക്കും വായിക്കണ്ടേ എന്ന സങ്കടത്തോടെ കാര്യം അച്ഛൻ ദിനേശ് ഷേണായിയോട് പറഞ്ഞു. മകളുടെ ആഗ്രഹമറിഞ്ഞ അച്ഛൻ അത് ഫേസ്ബുക്കിൽ പങ്കുവച്ചു. വായിച്ചു മാറ്റി വച്ച പുസ്തകം മകൾക്കായി നൽകാമോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നിങ്ങനെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം പുസ്തകങ്ങൾ വീട്ടിലേക്ക് എത്താൻ തുടങ്ങി. കഴിഞ്ഞ വർഷം ജനുവരി 26ന് ആയിരം പുസ്തകങ്ങളുമായി ചിത്രകാരനായ അച്ഛന്റെ ആർട്ട് ഗാലറിയുടെ ഒരു വശം ലൈബ്രറിയാക്കി. ഇംഗ്ളീഷ്, മലയാളം, തമിഴ്, കൊങ്കിണി, സംസ്കൃതം ഭാഷകളിലായി 5,000 പുസ്തകം!
മട്ടാഞ്ചേരി ടി.ഡി സ്കൂളിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനിയാണ് യശോദ. സ്കൂൾ സമയങ്ങളിൽ ലൈബ്രറിയുടെ ചുമതല അച്ഛനും അമ്മയ്ക്കുമാണ്. സ്കൂൾ വിട്ടുവന്നാൽ യശോദ ഏറ്റെടുക്കും. സാധാരണ ലൈബ്രറികളെ പോലെ ഭാഷയുടെ അടിസ്ഥാനത്തിൽ അക്ഷരക്രമത്തിലാണ് ഇവിടെയും പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നത്. മുതിർന്നവരും കുട്ടികളും ഒരുപോലെ ലൈബ്രറി തേടി യശോദയുടെ വീട്ടിലെത്തും. എം.എൽ.എ കെ.ജെ മാക്സി ആണ് ലൈബ്രറിയുടെ നൂറാമത്തെ അംഗം.ജനുവരിയിൽ ലൈബ്രറിയുടെ വാർഷികാഘോഷം ഉൾപ്പെടെ എല്ലാ മാസങ്ങളിലും വായനാനുഭവം പങ്കുവയ്ക്കുന്ന പരിപാടികൾ നടത്തിയിരുന്നു യശോദ. എന്നാൽ, കൊവിഡ് കാലത്ത് ലൈബ്രറിയുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണമാണ് യശോദ വച്ചിരിക്കുന്നത്. ലൈബ്രറിയിലേക്ക് ആളുകൾക്ക് പ്രവേശനമില്ല. വായിക്കാൻ പുസ്തകം തേടി എത്തുന്നവർക്ക് വീടിന് പുറത്ത് പുസ്തകം എത്തിച്ചു നൽകും. വായിച്ച് തിരികെ കിട്ടുന്ന പുസ്തകം മറ്റൊരു മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഏഴുദിവസത്തിന് ശേഷം മാത്രമേ ആ പുസ്തകത്തെ തിരികെ ലൈബ്രറിയിൽ കയറ്രുകയുള്ളൂ.