കൊച്ചി: ഒരു മണിക്കൂർ ലിഫ്‌റ്റിൽ കുടുങ്ങിയ കൊവിഡ് ചികിത്സാവാർഡിലെ നഴ്സിംഗ് അസിസ്‌റ്റൻഡ് രക്ഷപെട്ടത് അത്ഭുതകരമായി. പി.പി.പി കിറ്റ് ധരിച്ച് ലിഫ്‌റ്റിൽ കുഴഞ്ഞുവീണ നഴ്സിന് മണിക്കൂറുകൾക്ക് ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. ബുധനാഴ്ച മൂന്നുമണിയോടെ എറണാകുളം മെഡിക്കൽ കോളേജിലായിരുന്നു സംഭവം.
ഓപ്പറേഷൻ തിയേറ്ററിലേക്ക് എക്കോ മെഷീനുമായി എത്താൻ നിർദേശം ലഭിച്ചതോടെയാണ് നഴ്സ് ഉപകരണവുമായി ലിഫ്‌റ്റിൽ കയറിയത്. മൂന്നിനും നാലാം നിലയ്ക്കുമിടയിൽ ലിഫ്‌റ്റ് കുടുങ്ങി. വൈദ്യുതിയും നിലച്ചതോടെ പരിഭ്രാന്തിയിലായ നഴ്സ് ഒരു വിധത്തിൽ അലാറം ബട്ടൺ അമർത്തി. ഇട്ടിരിക്കുന്ന ഗ്ളൗസ് കാരണം ബട്ടണിൽ അമർത്താൻ തന്നെ പാടുപെട്ടു. അലാറം മുഴങ്ങിക്കൊണ്ടിരുന്നെങ്കിലും ആരും എത്തിയില്ല. ലിഫ്‌റ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. കിറ്റിലെയും ലിഫ്‌റ്റിലെയും ചൂടുമൂലം മൂക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ യുവതി തളർന്നുവീണു. പിന്നീട് ഏഴുമണിയോടെ കണ്ണ് തുറക്കുമ്പോൾ അത്യാഹിത വിഭാഗത്തിലായിരുന്നു.
നാലുമണിയോടെയാണ് സുരക്ഷാ ജീവനക്കാർ യുവതിയെ രക്ഷിച്ചതെന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. കൊവിഡ് വാർഡിലെ ഒരു നഴ്സിനെ ഇത്രയുംസമയം കാണാതായിട്ടും അധികൃതർ അനങ്ങാതിരുന്നത് അനാസ്ഥയാണെന്നാണ് ആരോപണം. എക്കോമെഷീൻ ആവശ്യപ്പെട്ടവരും നഴ്സിനെ തിരക്കിയില്ല. ബുധനാഴ്ച രാത്രി വാർഡിൽനിന്ന് വീട്ടിൽപ്പോയ നഴ്സിനോട് ഇന്നലെ ഉച്ചയോടെയാണ് അധികൃതർ വിവരങ്ങൾ തിരക്കിയത്.