കൊച്ചി: പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തുന്ന ഉപവാസത്തിനു അനുഭാവം പ്രഖ്യാപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അനുഭാവ സത്യഗ്രഹം നടത്തുമെന്ന് കൺവീനർ ബെന്നി ബെഹനാൻ എം.പി അറിയിച്ചു. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ, കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ ആന്റോ ആന്റണി എന്നിവർ അനുഭാവ സത്യഗ്രഹത്തിന് നേതൃത്വം നൽകും. ആലപ്പുഴയിൽ എം. ലിജു, ഷാനിമോൾ ഉസ്മാൻ, എം. മുരളി എന്നിവർ നേതൃത്വം നൽകും.
എറണാകുളത്ത് ഹൈബി ഈഡൻ, വി.ഡി. സതീശൻ, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, റോജി ജോൺ, എൽദോസ് കുന്നപ്പള്ളി, തൊടുപുഴയിൽ ഡീൻ കുര്യാക്കോസ്, തൃശൂരിൽ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര, പാലക്കാട് വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരും മലപ്പുറത്ത് വി.വി.പ്രകാശ്, കോഴിക്കോട് കെ. മുരളീധരൻ, വയനാട് ഐ.സി. ബാലകൃഷ്ണൻ എന്നിവരും നേതൃത്വം നൽകും. കണ്ണൂരിൽ ലോക്ക് ഡൗൺ കാരണം സത്യഗ്രഹം ഉണ്ടാവില്ല. കഴിഞ്ഞദിവസം സത്യാഗ്രഹം നടന്നതിനാൽ കാസർഗോഡ് ജില്ലയേയും ഒഴിവാക്കിയതായി ബെന്നി ബെഹനാൻ അറിയിച്ചു. രാവിലെ 9 മുതൽ 5 വരെയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ ഉപവാസം.